Tuesday, May 15, 2012


കടലാസില്‍ ലോകംതെളിയും ; ഈ-പേപ്പര്‍ ഡിസ്‌പ്ലേ വിപണിയിലേക്ക്‌







ചലിക്കുന്ന ചിത്രങ്ങളും ദൃശ്യങ്ങളുമുള്ള പത്രങ്ങള്‍ ഹാരി പോട്ടര്‍ സിനിമകളില്‍ കണ്ട് ആസ്വാദകര്‍ അത്ഭുതംകൂറിയിട്ടുണ്ട്. അത്തരം ഡിസ്‌പ്ലേ സാധ്യമായിരുന്നെങ്കില്‍ എന്ന് ചിലരെങ്കിലും ആഗ്രഹിച്ചിട്ടുമുണ്ടാകാം. അത്രയും വരില്ലെങ്കിലും, ആ ദിശയിലുള്ള ആദ്യചുവടുവെപ്പാണ് എല്‍ജി കമ്പനി വിപണിയിലെത്തിക്കാനൊരുങ്ങുന്ന 'ഇലക്ട്രോണിക പേപ്പര്‍ ഡിസ്‌പ്ലേ' (ഇ.പി.ഡി).

ഇത്തരം പേപ്പര്‍ ഡിസ്‌പ്ലേ വന്‍തോതില്‍ ഉത്പാദിപ്പിക്കാന്‍ ആരംഭിച്ചെന്നും, അടുത്ത മാസത്തോടെ യൂറോപ്യന്‍ വിപണിയില്‍ ഇ.പി.ഡി.എത്തുമെന്നും എല്‍ജി കഴിഞ്ഞ ദിവസമാണ് അറിയിച്ചത്. വളയ്ക്കാന്‍ കഴിയുന്ന ലോകത്തെ ആദ്യത്തെ 'പ്ലാസ്റ്റിക് ഇ-ഇന്‍ക് ഡിസ്‌പ്ലേ'യാണിതെന്ന് എല്‍ജി പറയുന്നു.

കിന്‍ഡ്ല്‍, നൂക്ക് തുടങ്ങിയ ഈ-ബുക്ക് റീഡറുകളിലേത് പോലുള്ള ഈ-ഇന്‍ക് ഡിഡ്‌പ്ലേയാണ് ഇ.പി.ഡിയിലേതും. 1024 ഗുണം 768 റസല്യൂഷനുള്ള ഇതിന്റെ വലിപ്പം ആറിഞ്ചാണ്. ഗ്ലാസിന് പകരം പ്ലാസ്റ്റിക്ക് കൊണ്ടാണിത് നിര്‍മിച്ചിരിക്കുന്നത്. അതിനാല്‍ താഴെ വീണാല്‍ പൊട്ടിപ്പോകുമെന്ന പേടിവേണ്ട.

എല്‍ജിയുടെ വിപ്ലവകരമായ ഈ ഉത്പന്നത്തിന്റെ ഭാരം വെറും 14 ഗ്രാം മാത്രം. ഗ്ലാസ് ഈ-ഇന്‍ക് പാനലിനെ അപേക്ഷിച്ച് 30 ശതമാനം കനം കുറവാണ് ഇ.പി.ഡിക്ക്. 0.7 മില്ലീമീറ്ററാണ് ഇതിന്റെ കനം. ഒന്നര മീറ്റര്‍ പൊക്കത്തില്‍നിന്ന് ആവര്‍ത്തിച്ച് തറയിട്ടു നടത്തിയ പരീക്ഷണങ്ങളെയും, ചുറ്റിക കൊണ്ടടിച്ച് നടത്തിയ ടെസ്റ്റുകളെയും അതിജീവിക്കാന്‍ പേപ്പര്‍ ഡിസ്‌പ്ലേക്ക് കഴിഞ്ഞതായി എല്‍ജിയുടെ വാര്‍ത്താക്കുറിപ്പ് പറയുന്നു.

എന്നാല്‍, ഇ-പേപ്പര്‍ ഡിസ്‌പ്ലേ യഥാര്‍ഥത്തില്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് വാര്‍ത്താക്കുറിപ്പില്‍ എല്‍ജി വിശദമാക്കുന്നില്ല. പരമ്പരാഗത ടിഎഫ്ടി (TFT) പ്രക്രിയയാണ് ഇതില്‍ പ്രയോജനപ്പെടുത്തുന്നതെന്ന് എല്‍ജി പറയുന്നു. 'ഇലക്ട്രോണിക്‌സ് ഓണ്‍ പ്ലാസ്റ്റിക് ബൈ ലേസര്‍ റിലീസ്' (EPLaR) ആണ് ഇതിലുപയോഗിച്ചിരിക്കുന്നത് എന്നാണ് സൂചന.

No comments:

Post a Comment