Sunday, July 15, 2012


  'ഓപ്പറേഷന്‍ ഹൈറോളര്‍' കേരളത്തിലും; നെറ്റ് ബാങ്കിങ് 

                           തട്ടിപ്പ്  സൂക്ഷിക്കുക







തിരുവനന്തപുരം: പണമിടപാട് നടത്താന്‍ ഏറ്റവും സുരക്ഷിതമെന്ന് കരുതപ്പെടുന്ന ഓണ്‍ലൈന്‍ ബാങ്കിങ് സംവിധാനത്തില്‍ വ്യാപകമായ തട്ടിപ്പ്. കേരളത്തില്‍ നിരവധി ബാങ്കുകളും ഉപയോക്താക്കളും 'ഓപ്പറേഷന്‍ ഹൈറോളര്‍' എന്നറിയപ്പെടുന്ന ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയായതായി റിപ്പോര്‍ട്ട്.

ലളിതവും വേഗമേറിയതുമാണ് ഇന്‍റര്‍നെറ്റിലൂടെയുള്ള പണമിടപാട്. അതുപോലെതന്നെ ഏത് നിമിഷവും വഞ്ചിക്കപ്പെടാനുള്ള സാധ്യതയും വിദൂരത്തല്ല. കഴിഞ്ഞമാസം കൊച്ചിയിലെ ഒരു ഡോക്ടര്‍ക്ക് 13.4 ലക്ഷം രൂപ ബാങ്കില്‍ നിന്ന് നഷ്ടമായതോടെ, ആരും ഇന്‍റര്‍നെറ്റ് ബാങ്കിങ് തട്ടിപ്പിന് ഇരയാകാമെന്ന് വ്യക്തമാവുകയാണ്.

നുഴഞ്ഞുകയറ്റ സോഫ്റ്റ്‌വേറുകളും ഡ്യൂപ്ലിക്കേറ്റ് സിംകാര്‍ഡുകളും വ്യാജ എ.ടി.എം കാര്‍ഡുമുപയോഗിച്ച് പോണ്ടിച്ചേരിയിലെ ഒരുസംഘം നടത്തിയ തട്ടിപ്പിലാണ് കൊച്ചിയിലെ ഡോ.ഷബീര്‍ഖാന് ഇത്രയും തുക നഷ്ടമായത്. 22 ബാങ്ക് അക്കൗണ്ടുകളിലൂടെയും ഒമ്പത് സംസ്ഥാനങ്ങളിലെ 90 എ.ടി.എമ്മുകളിലൂടെയും ഡോ.ഷബീറിന്റെ അക്കൗണ്ടില്‍ നിന്ന് പലപ്പോഴായി തട്ടിപ്പ് സംഘം പണം പിന്‍വലിക്കുകയായിരുന്നു.

നൈജീരിയയിലെ കുപ്രസിദ്ധ ഓണ്‍ലൈന്‍ തട്ടിപ്പ് വീരന്‍ ഫെലിക്‌സ് ഇവ്ഡുബിയസ്റ്റിന്റെ (ഇയാള്‍ ഇപ്പോള്‍ കൊല്‍ക്കത്ത ജയിലിലാണ്) സംഘാംഗങ്ങളാണ് ഈ തട്ടിപ്പിന് നേതൃത്വം നല്‍കിയതെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് പൂജപ്പുരയിലെ ഒരു ഡോക്ടറുടെ അക്കൗണ്ടില്‍ നിന്ന് മോസ്‌കോയിലെ എ.ടി.എമ്മില്‍ നിന്ന് പണം പിന്‍വലിച്ച സംഭവവും ഇന്‍റര്‍നെറ്റിലൂടെ എറണാകുളത്ത് ഹോട്ടല്‍ ബുക്ക് ചെയ്തയാളുടെ പണം ലണ്ടനിലെ വ്യാജ അക്കൗണ്ടുകളിലേക്ക് മാറ്റപ്പെട്ടതുമാണ് ഈ മേഖലയിലെ പുതിയ കേസുകളെന്ന് കേരള പോലീസ് ഹൈടെക് സെല്‍ അസിസ്റ്റന്‍റ് കമാന്‍ഡന്‍റ് വിനയകുമാരന്‍ നായര്‍ പറയുന്നു.

ഇന്‍റര്‍നെറ്റ് ബാങ്കിങ് മേഖലയിലെ പുതിയ തട്ടിപ്പ് രീതിക്ക് 'ഓപ്പറേഷന്‍ ഹൈറോളര്‍'(Operation High Roller) എന്നാണ് പേര്. പ്രശസ്ത ആന്‍റി വൈറസ് സോഫ്റ്റ് വേര്‍ നിര്‍മാതാവായ മക്അഫിയും ഓണ്‍ലൈന്‍ സുരക്ഷാവെണ്ടറായ ഗാര്‍ഡിയന്‍ അനലിറ്റിക്കുമാണ് ഇന്‍റര്‍നെറ്റ് ബാങ്കിങ് തട്ടിപ്പിലെ പുതിയ പ്രവണതയ്ക്ക് ഈ പേരിട്ടിട്ടുള്ളത്.

സിയൂസ് (zeus), സ്‌പൈ ഐ (spy eye) എന്നീ സോഫ്റ്റ്‌വേറുകളുപയോഗിച്ചാണ് ബാങ്ക് അക്കൗണ്ടുകളിലേക്ക് തട്ടിപ്പുകാര്‍ നുഴഞ്ഞുകയറുന്നത്. ആയിരക്കണക്കിന് അക്കൗണ്ടുകള്‍ പരിശോധിച്ച് തട്ടിപ്പ് നടത്താന്‍ സാധ്യതയുള്ളവ തിരഞ്ഞെടുത്ത് നല്‍കാന്‍ ഈ സോഫ്റ്റ്‌വേറുകള്‍ക്ക് കഴിയുന്നു. ഉപയോക്താവ് ഒരു അക്കൗണ്ടില്‍ നിന്ന് മറ്റൊന്നിലേക്ക് പണം മാറുമ്പോള്‍ കീ-ഇന്‍ ചെയ്യുന്ന യൂസര്‍നെയിമും പാസ്‌വേര്‍ഡും മോഷ്ടിക്കാന്‍ ഈ സോഫ്റ്റ് വേറുകള്‍ക്ക് കഴിയുന്നു. ഈ സമയമത്രയും ഉപയോക്താവിന്റെ കമ്പ്യൂട്ടര്‍ സ്‌ക്രീനില്‍ 'പ്ലീസ് വെയ്റ്റ്' സന്ദേശം കാണിക്കുന്നുണ്ടാവും.

രണ്ടാംഘട്ട സുരക്ഷാസംവിധാനമായി ഫോണിലൂടെ നല്‍കുന്ന പാസ്‌വേര്‍ഡ് മോഷ്ടിക്കാന്‍ വ്യാജ സിംകാര്‍ഡുകള്‍ തട്ടിപ്പുകാര്‍ നേരത്തേ കരസ്ഥമാക്കിയിരിക്കും. കൊച്ചിയിലെ ഡോക്ടറിന്റെ സംഭവത്തില്‍ അദ്ദേഹത്തിന്റെ ഫോണിന്റെ സിംകാര്‍ഡിന്റെ ഡ്യൂപ്ലിക്കേറ്റ് അസമിലെ ഗുവാഹതിയില്‍ നിന്നാണ് ഇവര്‍ സംഘടിപ്പിച്ചത്. മൊബൈല്‍ കമ്പനിയെ, ഡോക്ടറിന്റെ പേരിലുള്ള വ്യാജ പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പ് നല്‍കി കബളിപ്പിച്ചായിരുന്നു ഡ്യൂപ്ലിക്കേറ്റ് സിംകാര്‍ഡ് ഇവര്‍ കരസ്ഥമാക്കിയിരുന്നത്.

ഇന്‍റര്‍നെറ്റ് ബാങ്കിങ്, എ.ടി.എം തട്ടിപ്പ് തടയാന്‍ ബാങ്കുകളും നാഷണല്‍ പേയ്‌മെന്‍റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (ബാങ്കുകള്‍ക്ക് വേണ്ടി എ.ടി.എം സംവിധാനം ഏകോപിപ്പിക്കുന്ന സ്ഥാപനം) പരിശ്രമിക്കുന്നുണ്ടെങ്കിലും നുഴഞ്ഞുകയറ്റക്കാരുടെ കുബുദ്ധി വന്‍ വെല്ലുവിളിയാകുന്നുണ്ട്.

ഓണ്‍ലൈന്‍ / എ.ടി.എം.
ഇടപാട് നടത്തുമ്പോള്‍ ശ്രദ്ധിക്കാന്‍

1. കഴിയുന്നതും പണമിടപാട് സ്‌ക്രീനില്‍ തെളിയുന്ന വെര്‍ച്വല്‍ കീ ബോര്‍ഡ് ഉപയോഗിച്ച് യൂസര്‍നെയിമും പിന്‍ നമ്പരും കീ-ഇന്‍ ചെയ്യുക
2. ബാങ്കുകളുടെ കെ.വൈ.സി (നൊ യുവര്‍ കസ്റ്റമര്‍) നടപടിക്രമങ്ങളോട് സഹകരിക്കുക
3. എല്ലാ ദിവസവും ബാലന്‍സ് പരിശോധിക്കുക
4. ഒഴിഞ്ഞ സ്ഥലങ്ങളിലെ എ.ടി.എമ്മുകള്‍ ഉപയോഗിക്കാതിരിക്കുക
5. നിങ്ങള്‍ ഇ-മെയിലില്‍ ലഭിക്കുന്ന ഏതെങ്കിലും സന്ദേശത്തിലെ ലിങ്ക് ക്ലിക്ക് ചെയ്ത് ബാങ്കുകളുടെ വെബ്‌സൈറ്റിലേക്ക് പോകരുത്. ബാങ്കുകളുടെ വെബ്‌സൈറ്റ് സ്‌ക്രീനില്‍ തെളിയുമ്പോള്‍ http എന്നതിനുപകരം https ഉണ്ടോയെന്ന് ഉറപ്പുവരുത്തുകയും വേണം.
6. ഇന്‍റര്‍നെറ്റ് ഇടപാട് നടത്തുമ്പോള്‍, സമ്മാനം ലഭിച്ചതിന്‍േറയും ഷോപ്പിങ്ങിന്‍േറയും സന്ദേശങ്ങള്‍ സ്‌ക്രീനില്‍ വന്നാല്‍ (പോപ് അപ് ) അവ അവഗണിക്കുക.
7. പേയ്‌മെന്‍റ് കോര്‍പ്പറേഷന്റെ നിര്‍ദേശ പ്രകാരം ചില ബാങ്കുകളുടെ എ.ടി.എമ്മില്‍ പണം തിരിച്ചുപോകല്‍ ( നിശ്ചിത സമയത്തിനുള്ളില്‍ പണമെടുത്തില്ലെങ്കില്‍ എ.ടി.എമ്മിലേക്ക് പണം തിരിച്ചുപോകുന്ന സംവിധാനം) നിര്‍ത്തലാക്കിയിട്ടുള്ളകാര്യം ശ്രദ്ധിക്കുക.

No comments:

Post a Comment