ഫെയ്‌സ്ബുക്ക് ന്യൂസ് ഫീഡിന് പുതിയ മുഖം; പ്രചോദനം മൊബൈല്‍
മൊബൈല്‍ ആപ്ലിക്കേഷനില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട്, ദൃശ്യഘടകങ്ങള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കുന്ന രീതിയില്‍ ഫെയ്‌സ്ബുക്ക് അതിന്റെ ന്യൂസ് ഫീഡ് പരിഷ്‌ക്കരിച്ചു. വ്യത്യസ്ത പ്ലാറ്റ്‌ഫോമുകളില്‍ ന്യൂസ് ഫീഡിന് സമാനത നല്‍കാന്‍ പാകത്തിലുള്ളതാണ് പുതിയ ഡിസൈന്‍.
കാഴ്ച്ചയില്‍ ഫെയ്‌സ്ബുക്കിന്റെ ആന്‍ഡ്രോയിഡ്, ഐഫോണ്‍ ആപ്ലിക്കേഷനുകളെ അനുസ്മരിപ്പിക്കും വിധമാണ് ന്യൂസ് ഫീഡ് പുതുക്കിയിരിക്കുന്നത്. ഒരു 'പേഴ്‌സണലൈസ്ഡ് ന്യൂസ്‌പേപ്പര്‍' പോലെ ന്യൂസ് ഫീഡ് അനുഭവപ്പെടാനുള്ള ശ്രമമാണ് നടത്തിയതെന്ന്, കമ്പനി മേധാവി മാര്‍ക് സക്കര്‍ബര്‍ഗ് പറഞ്ഞു.
സമാന വിഷയങ്ങളെ പരസ്പരം ബന്ധപ്പെടുത്തി ക്രമീകരിക്കാന്‍ പുതിയ ഡിസൈന്‍ സഹായിക്കുന്നു. ഈ മാറ്റത്തിന്റെ ഒരു ഫലം, പരസ്യങ്ങള്‍ക്ക് കൂടുതല്‍ സ്‌ക്രീന്‍ സ്ഥലം ലഭിക്കും എന്നതാണ്. തീര്‍ച്ചയായും പരസ്യദാതാക്കള്‍ക്ക് അത് പ്രലോഭനമാകും.
എന്നാല്‍, കൂടുതല്‍ പരസ്യം കിട്ടുകയെന്നതാണ് പുനര്‍രൂപകല്‍പ്പനയുടെ ലക്ഷ്യമെന്ന വാദം, ന്യൂസ് ഫീഡ് പരിഷ്‌ക്കരിക്കാന്‍ നേതൃത്വം നല്‍കിയ എന്‍ജിനിയര്‍ ക്രിസ് സ്ട്രഹര്‍ തള്ളിക്കളഞ്ഞു. ന്യൂസ് ഫീഡില്‍ കൂടുതല്‍ വിവരങ്ങള്‍ ഉള്‍ക്കൊള്ളിക്കുക വഴി, ഒരോ പോസ്റ്റിനും കൂടുതല്‍ ഇടപെടല്‍ സാധ്യമാക്കുകയാണ് ഉദ്ദേശമെന്ന് അദ്ദേഹം പറഞ്ഞു.
എല്ലാം കൂടിക്കുഴഞ്ഞു കിടക്കുന്ന അവസ്ഥയാണ് ഫെയ്‌സ്ബുക്ക് പേജിനെന്ന പരാതി തങ്ങള്‍ സ്ഥിരമായി കേട്ടിരുന്നു. കൂടിക്കുഴഞ്ഞ അവസ്ഥ മാറ്റി പേജിനെ വൃത്തിയും വെടിപ്പുമുള്ളതാക്കി മാറ്റുക വഴി കൂടുതല്‍ ആധുനികമാക്കാനാണ് ശ്രമിച്ചത്. ആളുകള്‍ക്ക് ഉപയോഗിക്കാനും അത് എളുപ്പമാകും-സ്ട്രഹര്‍ പറഞ്ഞു.
കഴിഞ്ഞ ജനവരിയിലെ കണക്കു പ്രകാരം 106 കോടി പേര്‍ ഫെയ്‌സ്ബുക്ക് സര്‍വീസ് ഉപയോഗിക്കുന്നുണ്ട്. അതേസമയം, 2012 ലെ അവസാന മൂന്നുമാസം കമ്പനിയുടെ ലാഭം പോയവര്‍ഷം അതേ കാലയളിവിനെ അപേക്ഷിച്ച് 79 ശതമാനം കുറവാണെന്നും റിപ്പോര്‍ട്ടുണ്ട്.
ഈ സാഹചര്യത്തില്‍ വേണം പുതിയ പരിഷ്‌ക്കരണത്തെ കാണാന്‍. 2007 ല്‍ പരിഷ്‌ക്കരിച്ച ശേഷം ആദ്യമായാണ് ഫെയ്‌സ്ബുക്ക് ന്യൂസ് ഫീഡ് പരിഷ്‌ക്കരിക്കുന്നത്. പോസ്റ്റുകള്‍ക്ക് കൂടുതല്‍ ദൃശ്യഭംഗി ലഭിക്കാന്‍ പാകത്തില്‍ ഫെയ്‌സ്ബുക്ക് കഴിഞ്ഞ വര്‍ഷം ടൈംലൈന്‍ ഏര്‍പ്പെടുത്തിയിരുന്നു. അതുമായി ചേര്‍ന്നുപോകുന്ന പരിഷ്‌ക്കരണമാണ് ന്യൂസ് ഫീഡില്‍ ഇപ്പോള്‍ വരുത്തിയിരിക്കുന്നത്.
'ഗ്രാഫ് സെര്‍ച്ച്' ഏര്‍പ്പെടുത്തുന്നതായി ഫെയ്‌സ്ബുക്ക് പ്രഖ്യാപിച്ച് ഒരുമാസം കഴിയുമ്പോഴാണ് പുതിയ പരിഷ്‌ക്കരണം നടപ്പാക്കുന്നത്.
ന്യൂസ് ഫീഡ് പേജിന് മൂന്നുകോളം ഘടനയാണ് ഇതുവരെ ഉണ്ടായിരുന്നത്. പുതുക്കിയ ഡിസൈന്‍ പ്രകാരം അത് രണ്ടുകോളം ഘടനയാക്കി മാറ്റി. അതിനാല്‍ ഓരോ പോസ്റ്റിനും (അത് സുഹൃത്തിന്റെ അപ്‌ഡേറ്റാകട്ടെ, പരസ്യമാകട്ടെ) കൂടുതല്‍ വലിപ്പവും മിഴിവും കിട്ടും. ഫോട്ടോകളും വീഡിയോകളും കൂടുതല്‍ വലിപ്പത്തില്‍ പ്രത്യക്ഷപ്പെടും.
കറുത്ത നിറത്തിലുള്ള ഒരു പോപ്പ്-ഔട്ട് നാട പേജിന്റെ ഇടതുഭാഗത്തുണ്ട്. ആപ് ബുക്ക്മാര്‍ക്കുകള്‍, ചില പ്രത്യേക സുഹൃത്തുക്കള്‍ക്കുള്ള ലിങ്കുകള്‍, ചാറ്റ്, കലണ്ടര്‍ ടൂളുകള്‍, ലൈവ് അപ്‌ഡേറ്റ് ടിക്കര്‍ ഒക്കെയാണ് ഇടതുവശത്തെ കറുത്ത നാടയില്‍ ക്രമീകരിച്ചിട്ടുള്ളത്.
സ്റ്റാന്‍ഡേര്‍ഡ് ന്യൂസ് ഫീഡിന് പുറമേ വേറെയും ഫീഡുകള്‍ യൂസര്‍മാര്‍ക്ക് തിരഞ്ഞെടുക്കാന്‍ കഴിയും. ഫെയ്‌സ്ബുക്കിന്റെ ആല്‍ഗരിതം തിരഞ്ഞെടുക്കുന്നവ കൂടാതെ, സുഹൃത്തുക്കളുടെ എല്ലാ അപ്‌ഡേറ്റുകളും വേണമെങ്കില്‍ തിരഞ്ഞെടുക്കാം. ഇഷ്ടപ്പെട്ട സംഘടകളുടെ അപ്‌ഡേറ്റുകള്‍, ഫോട്ടോകള്‍ മാത്രം പോസ്റ്റു ചെയ്യപ്പെടുന്ന പേജുകള്‍, ഇഷ്ടഗായകരുടെ പാട്ടുകള്‍ പോസ്റ്റു ചെയ്യുന്ന പേജുകള്‍ -അങ്ങനെ തിരഞ്ഞെടുക്കലിന് കൂടുതല്‍ അവസരം നല്‍കുന്നു.
'facebook' എന്ന് പൂര്‍ണരൂപത്തിലെഴുതിയ ലോഗോ ഫെയ്‌സ്ബുക്ക് ഉപേക്ഷിക്കുന്നു എന്നതാണ് പുതിയ മറ്റൊരു വിശേഷം. പകരം ' f ' എന്ന അക്ഷരം മാത്രമുള്ളതാകും പുതിയ ലോഗോ.
ഓണ്‍ലൈന്‍ പരസ്യം പിടിക്കുന്നതില്‍ ഗൂഗിളിനോട് മത്സരിക്കാന്‍ ഫെയ്ബുക്കിനെ പ്രാപ്തമാക്കുന്ന മാറ്റമാണ് ഇപ്പോള്‍ വരുത്തിയിരിക്കുന്നത്. സ്വാഭാവികമായും ഗൂഗിളും ഫെയ്‌സ്ബുക്കും തമ്മിലുള്ള മത്സരം മുറുകാന്‍ ഇതിടയാക്കും.
No comments:
Post a Comment