സ്‌പെയര്‍വണ്‍ - 15 വര്‍ഷം ചാര്‍ജ് നില്‍ക്കുന്ന ഫോണ്‍.....
സ്മാര്‍ട്‌ഫോണുകള്‍ കളം കീഴടക്കുന്ന കാഴ്ചയാണ് ലോകമെങ്ങുമുള്ള ഗാഡ്ജറ്റ് വിപണികളില്‍ ദൃശ്യമാകുന്നത്. 4ജി, കപ്പാസിറ്റീവ് ടച്ച്‌സക്രീന്‍, 16 മെഗാപിക്‌സല്‍ ക്യാമറ, എച്ച്.ഡി.എം.ഐ. സപ്പോര്‍ട്ട്... സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതില്‍ സ്മാര്‍ട്‌ഫോണ്‍ ബ്രാന്‍ഡുകള്‍ പരസ്പരം മത്സരിക്കുമ്പോള്‍ ശരിക്കും വിഷമിക്കുക ഫോണിനുള്ളിലെ ബാറ്ററിയാണ്. ദിവസം മുഴുവന്‍ ഇത്രയും ആപ്ലിക്കേഷന്‍സ് പ്രവര്‍ത്തിപ്പിക്കാനുള്ള ഊര്‍ജ്ജം സംഭരിച്ചുവെക്കുകയെന്നത് എളുപ്പമുള്ള കാര്യമല്ല. രാവിലെ ഫുള്‍ ചാര്‍ജാക്കിയാലും വൈകുന്നേരമാകുമ്പോഴേക്കും മിക്ക സ്മാര്‍ട്‌ഫോണുകളുടെയും വെടി തീരുമെന്നുറപ്പ്. സ്വിച്ച് ഓഫ് ആക്കി വെച്ചാല്‍ പോലും ചാര്‍ജ് കുറഞ്ഞുകൊണ്ടിരിക്കുമെന്നതാണ് ചില സ്മാര്‍ട്‌ഫോണുകളുടെ പ്രശ്‌നം.
ഈ പ്രശ്‌നം പരിഹരിക്കുന്ന ഒരു കിടിലന്‍ മൊബൈല്‍ഫോണുമായി സ്‌പെയര്‍വണ്‍ മൊബൈല്‍ കമ്പനി വാര്‍ത്തകളില്‍ ഇടംപിടിക്കുകയാണ്. ലാസ് വെഗാസില്‍ നടക്കുന്ന കണ്‍സ്യൂമര്‍ ഇലക്‌ട്രോണിക്‌സ് ഷോ (സി.ഇ.എസ്) യിലാണ് ഈ ഫോണ്‍ അവതരിപ്പിക്കപ്പെട്ടത്. വന്‍കിട മൊബൈല്‍ കമ്പനികളെല്ലാം അവരുടെ ഏറ്റവും പുതിയ മോഡലുകളിറക്കുന്ന വേദിയാണ് സെസ്. ലോകമെമ്പാടുനിന്നുമായി 3,100 കമ്പനികള്‍ ലാസ്‌വെഗാസിലെ പ്രദര്‍ശനനഗരിയില്‍ പവിലിയന്‍ തുറന്നിട്ടുണ്ട്. വെറും അമ്പതു ഡോളര്‍ മാത്രം വിലയിട്ടിരിക്കുന്ന സ്‌പെയര്‍വണ്ണിന്റെ മൊബൈല്‍ ഫോണ്‍ സെസ് പ്രദര്‍ശനത്തില്‍ വന്‍ തരംഗം സൃഷ്ടിച്ചുകഴിഞ്ഞു.
കാലിഫോര്‍ണിയയിലെ എക്‌സ്പാല്‍ പവര്‍ കമ്പനിയാണ് സ്‌പെയര്‍വണ്ണിന്റെ നിര്‍മാതാക്കള്‍. പതിനഞ്ചുവര്‍ഷത്തെ ബാറ്ററി ബാക്കപ്പ് ലഭിക്കും എന്നതാണ് സ്‌പെയര്‍വണ്ണിന്റെ ഏറ്റവും വലിയ സവിശേഷത. പെന്‍ടോര്‍ച്ചിലും ക്‌ളോക്കിലുമൊക്കെ ഉപയോഗിക്കുന്ന സിംഗിള്‍ സ്റ്റാന്‍ഡാര്‍ഡ് എഎ ബാറ്ററിയാണ് സ്‌പെയര്‍വണ്ണിന് നിലയ്ക്കാത്ത ഊര്‍ജ്ജം പകരുന്നത്. ഇത്തരം ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ആദ്യ മൊബൈല്‍ ഫോണാണ് തങ്ങളുടേതെന്ന് എക്‌സ്പാല്‍ പവര്‍ കമ്പനി അവകാശപ്പെടുന്നു. ഉപയോഗിക്കാതെ സൂക്ഷിച്ചാല്‍ തുടര്‍ച്ചയായി പതിനഞ്ചുവര്‍ഷം വരെ ഫോണിന്റെ ബാറ്ററി ആയുസ് നിലനില്‍ക്കുമെന്ന് കമ്പനി കട്ടായം പറയുന്നു. സംസാരിക്കുകയാണെങ്കില്‍ തുടര്‍ച്ചയായി പത്തുമണിക്കൂര്‍ നേരം വരെ ബാറ്ററി ബാക്കപ്പ് ലഭിക്കും.
പെന്‍ടോര്‍ച്ച് എഎ ബാറ്ററി ആയതുകൊണ്ട് ചാര്‍ജ് ചെയ്യുന്ന പൊല്ലാപ്പുകള്‍ ഒഴിവാക്കാനാകും. ചാര്‍ജര്‍ കൂടെ കൊണ്ടുനടക്കുകയും വേണ്ട. സാദാഫോണിലുള്ളതുപോലെ സ്‌ക്രീനോ എസ്എംഎസ് സൗകര്യമോ ഒന്നും സ്‌പെയര്‍വണ്ണില്‍ പ്രതീക്ഷിക്കരുത്. പ്രത്യേക റിങ്‌ടോണുകളോ മറ്റ് അപ്ലിക്കേഷനുകളോ ഒന്നുമിതില്‍ ഉണ്ടാകില്ല. പേര് സൂചിപ്പിക്കുന്നതുപോലെ അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ ഉപയോഗിക്കാനുളള ഒരു സ്‌പെയര്‍ഫോണാണ് 'സ്‌പെയര്‍വണ്‍'.
വിദേശരാജ്യങ്ങളില്‍ യാത്രകള്‍ക്കുപോകുമ്പോഴോ, കുട്ടികളുടെ കൈയില്‍ കൊടുത്തയക്കാനോ, അത്യാവശ്യത്തിന് വിളിക്കാനായി കാറിനുള്ളില്‍ സൂക്ഷിക്കാനോ ഉപകരിക്കും ഈ ഫോണ്‍. നിങ്ങളുടെ കുട്ടി സ്‌കൂളില്‍ നിന്ന് വിനോദയാത്രയ്ക്ക് പോകുകയാണെന്നു കരുതുക. വിവരങ്ങളറിയാനായി വില കൂടിയൊരു ഫോണ്‍ കൊടുത്തുവിടാന്‍ നിങ്ങള്‍ക്കു ഭയമുണ്ടെങ്കില്‍ സ്‌പെയര്‍വണ്ണിന് കാശു മുടക്കാവുന്നതാണ്. ബ്ലൂടൂത്തും മീഡിയ പ്ലെയറുമൊന്നുമില്ലാത്തതിനാല്‍ കുട്ടികള്‍ ഫോണ്‍ ദുരുപയോഗിക്കുമെന്ന് പേടിയേ വേണ്ട.
നമ്മള്‍ വിചാരിക്കുന്നതിനേക്കാള്‍ ഒട്ടനവധി ഉപയോഗങ്ങള്‍ സ്‌പെയര്‍വണ്ണിനെക്കൊണ്ടുണ്ടാകുമെന്ന് നിര്‍മാതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. വെള്ളപ്പൊക്കവും ഭൂകമ്പവും പോലുള്ള പ്രകൃതിദുരന്തങ്ങളുണ്ടാകുന്ന സ്ഥലങ്ങളില്‍ വൈദ്യുതിബന്ധം തകരാറിലാകുന്നതുകൊണ്ട് ഫോണ്‍ ചാര്‍ജിങ് നടക്കില്ല. ഇത്തരം അടിയന്തിരഘട്ടങ്ങളില്‍ സ്‌പെയര്‍വണ്‍ സഹായത്തിനുതകും. അതു മുന്‍കൂട്ടി കണ്ടിട്ടാണോ എന്നറിയില്ല, ഫോണില്‍ ഒരു ടോര്‍ച്ചും കമ്പനി ഘടിപ്പിച്ചിട്ടുണ്ട്.
വന്‍ഹോട്ടലുകളില്‍ താമസത്തിനെത്തുന്ന വിദേശികളായ അതിഥികള്‍ക്ക് തല്‍ക്കാല ഉപയോഗത്തിനായി ഇത്തരം ഫോണുകള്‍ ഹോട്ടല്‍ മാനേജ്‌മെന്റ് സമ്മാനിച്ചേക്കാം. വെറും അമ്പത് ഡോളറേ വില വരുന്നുള്ളൂ എന്നതിനാല്‍ സ്മാര്‍ട്‌ഫോണുകളുടെ കൂടെ ഒരു സ്‌പെയര്‍വണ്‍ സൗജന്യമായി ലഭിച്ചാലും അത്ഭുതപ്പെടാനില്ല.
No comments:
Post a Comment