ഗാലക്‌സി എസ് 3 വിപണിയിലെത്തുംമുമ്പേ സൂപ്പര്‍ഹിറ്റ്
സാംസങ് അവതരിപ്പിക്കുന്ന പുതിയ ഗാലക്‌സി എസ് ഫോണിന് 90 ലക്ഷം മുന്‍കൂര്‍ ഓര്‍ഡര്‍ ലഭിച്ചതായി റിപ്പോര്‍ട്ട്.
മെയ് മൂന്നിന് കമ്പനി അവതരിപ്പിച്ച ഗാലക്‌സി എസ് 3 ഫോണ്‍ ആണ് വിപണിയിലെത്തും മുമ്പേ സൂപ്പര്‍ഹിറ്റായി മാറിയിരിക്കുന്നത്.
സാംസങിന്റെ സൂപ്പര്‍ഫോണ്‍ ആണ് ഗാലക്‌സി എസ്. ആ ഫോണിന്റെ മൂന്നാംതലമുറക്ക് ഇത്ര വലിയ പ്രതികരണം ലഭിച്ച കാര്യം 'കൊറിയ എക്കണോമിക്‌സ് ഡെയ്‌ലി'യാണ് റിപ്പോര്‍ട്ട് ചെയ്തത്.
ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്ന ഗാലക്‌സി ഫോണുകളുടെ വന്‍വിജയമാണ്, ഏറ്റവുമധികം സ്മാര്‍ട്ട്‌ഫോണുകള്‍ വില്‍ക്കുന്ന കമ്പനിയെന്ന പദവി നേടാന്‍ സാംസങിനെ സഹായിച്ചത്. 2012 ആദ്യമൂന്നുമാസത്തെ കണക്ക് പ്രകാരം ആപ്പിളിനെ പിന്തള്ളിയാണ് സാംസങ് ഈ നേട്ടം കൊയ്തത്.
4.8 ഇഞ്ച് സ്‌ക്രീനോടു കൂടിയ ഗാലക്‌സി എസ് 3 ആണ്, സാംസങിന്റെ ക്വാഡ്‌കോര്‍ പ്രൊസസര്‍ ഉപയോഗിക്കുന്ന ആദ്യ സ്മാര്‍ട്ട്‌ഫോണ്‍. ഗാലക്‌സി എസ് 3യുടെ സ്‌ക്രീന്‍ വലിപ്പം, ഐഫോണിന്റെ ഡിസ്‌പ്ലെ വലുത്താക്കാന്‍ ആപ്പിളിനെ പ്രേരിപ്പിച്ചതായും റിപ്പോര്‍ട്ടുണ്ട്. അടുത്ത തലമുറ ഐഫോണില്‍ നാലിഞ്ച് ഡിസ്‌പ്ലെയായിരിക്കും ഉള്ളതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഗാലക്‌സി എസ് 3 ആദ്യം വിപണിയിലെത്തുന്നത് മെയ് 29 ന് ജര്‍മനിയിലാണ്. തുടര്‍ന്ന് മറ്റ് രാജ്യങ്ങളിലും ഉപഭോക്താക്കളുടെ പക്കല്‍ ഈ ഫോണെത്തും.
സാംസങിലെ ചിലരെ ഉദ്ധരിച്ചുള്ളതാണ് 'എക്കണോമിക്‌സ് ഡെയ്‌ലി'യുടെ റിപ്പോര്‍ട്ട്. ദക്ഷിണകൊറിയയിലെ സാംസങിന്റെ സ്മാര്‍ട്ട്‌ഫോണ്‍ ഫാക്ടറി പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കുന്നതായും, പ്രതിമാസം 50 ലക്ഷം ഹാന്‍ഡ്‌സെറ്റുകള്‍ നിര്‍മിക്കാന്‍ ഇപ്പോഴത്തെ നിലയ്ക്ക് കഴിയുമെന്നും റിപ്പോര്‍ട്ട് പറയുന്നു.
No comments:
Post a Comment