Sunday, May 20, 2012

പൈറേറ്റ് പേ രംഗത്ത് ; ടോറന്റ് ആരാധകര്‍ സൂക്ഷിക്കുക







മാര്‍ക്കറ്റില്‍ കാശുകൊടുത്താല്‍ കിട്ടുന്ന എന്തും (!) നെറ്റില്‍ സൗജന്യമായി നല്‍കുന്ന പരിപാടിക്ക് പൈറസി എന്നാണ് വിളിപ്പേര്. പൈറസിക്ക് കടല്‍ക്കൊള്ള എന്നും അര്‍ഥമുണ്ട്. ചില്ലറ വില വേണ്ട സോഫ്റ്റ്‌വേറുകള്‍ക്കും മറ്റും തോന്നുന്ന വിലയീടാക്കുന്ന മുതലാളിമാര്‍ക്കെതിരെ ശക്തമായി നിലകൊള്ളുന്ന പ്രസ്ഥാനമായും പൈറസി വാഴ്ത്തപ്പെടുന്നു. എന്തൊക്കെയായാലും സിനിമകളും സോഫ്റ്റ്‌വേറുകളും പുസ്തകങ്ങളും വരെ അടിച്ചുമാറ്റിയെടുക്കാവുന്ന പൈറേറ്റ് ബേയും ടൊറന്റ് ഫ്രീക്കും പോലുള്ള സൈറ്റുകള്‍ക്ക് ആരാധകരേറെയാണ്.

വിനോദ വ്യവസായ മേഖലയും നെറ്റിലെ'കടല്‍ക്കൊള്ള'ക്കാരും തമ്മിലുള്ള യുദ്ധത്തിനും ഏറെ നാളത്തെ പഴക്കമുണ്ട്. പൈറേറ്റഡ് ഫയലുകള്‍ ഡൗണ്‍ലോഡു ചെയ്യുമ്പോള്‍ തായ്‌വേരു തന്നെ മുറിച്ചുമാറ്റുന്ന വിദ്യയുമായി റഷ്യന്‍ കമ്പനിയായ പൈറേറ്റ് പേ (Pirate Pay) രംഗത്തെത്തിയപ്പോള്‍ മൈക്രോസോഫ്റ്റും സോണി മ്യൂസിക്കുമൊക്കെ വന്‍പിന്തുണയുമായി രംഗത്തിറങ്ങിയതും അതുകൊണ്ടാണ്. മൈക്രോസോഫ്റ്റ് ലക്ഷം ഡോളറാണ് പൈറേറ്റ് പേക്ക് നല്‍കിയത്.

ടൊറന്റാണ് ശരിക്കും വന്‍കിട വിനോദവ്യവസായ കമ്പനികളുടെ മുഖ്യശത്രു. എത്ര വലിയ ഫയലുകളായാലും ഇടക്ക് വെച്ച് നെറ്റ് കണക്ഷന്‍ മുറിഞ്ഞു പോയാല്‍ നിര്‍ത്തിയ സ്ഥലത്തുവെച്ച് ഡൗണ്‍ലോഡിങ് തുടങ്ങാവുന്ന വിദ്യയാണ് ടൊറന്റ്. ബിറ്റ് ടൊറന്റ് സോഫ്റ്റ്‌വേര്‍ ഉപയോഗിച്ചാല്‍ ഒരു സിനിമയോ മറ്റോ ഡൗണ്‍ലോഡ് ചെയ്യുന്നതിനിടെ കമ്പ്യൂട്ടര്‍ ഓഫ് ചെയ്താലും കുഴപ്പമുണ്ടാകില്ല.

എന്നാല്‍, നെറ്റിലെ സെര്‍വറുകളിലെ പൈറേറ്റഡ് ഫയലുകള്‍ തിരഞ്ഞു പിടിക്കാന്‍ ബിറ്റ് ടൊറന്റിന് ആശയക്കുഴപ്പമുണ്ടാക്കുന്ന സംവിധാനമാണ് പൈറേറ്റ് പേ. അങ്ങനെ ഡൗണ്‍ലോഡിങ് നടക്കാതെ വരും. ചിലപ്പോള്‍ ഇടക്കുവെച്ച് മുറിഞ്ഞുപോകും.

വന്‍കിട സിനിമകളും മറ്റും പലപ്പോഴുംം റിലീസിങിന് മുമ്പുതന്നെ പൈറേറ്റഡ് വെബ്‌സൈറ്റുകളില്‍ ലഭ്യമാകാറുണ്ട്. കോടിക്കണക്കിന് ഡോളറിന്റെ നഷ്ടമാണ് ഇങ്ങനെയുണ്ടാകുന്നതെന്ന് കമ്പനികള്‍ അവകാശപ്പെടുന്നു. കഴിഞ്ഞ വര്‍ഷം ഇത്തരം പൈറസി നെറ്റ്‌വര്‍ക്കുകള്‍ തടയാന്‍ ബ്രിട്ടീഷ് കോടതി ഉത്തരവിടുകയും ചെയ്തു.

വിനോദ വ്യവസായ മേഖലയിലെ വമ്പന്‍മാരായ വാള്‍ട്ട് ഡിസ്‌നി സ്റ്റുഡിയോയ്ക്കും സോണി പിക്‌ചേഴ്‌സിനും വേണ്ടി പൈറേറ്റ് പേ പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു. ഇതിനിടെ ആയിരക്കണക്കിനു ഡൗണ്‍ലോഡുകള്‍ തടയാന്‍ കഴിഞ്ഞതായും അവര്‍ അവകാശപ്പെടുന്നുണ്ട്. എന്നാല്‍ പൈറേറ്റ് പേയുടെ തന്ത്രം ദീര്‍ഘകാലത്തേക്ക് നിലനില്‍ക്കില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്.

No comments:

Post a Comment