3999 രൂപയ്ക്ക് മെര്‍ക്കുറി ടാബ്
ആകാശ് ടാബ്‌ലറ്റിന്റെ വിലയാണ് അതിന്റെ പ്രലോഭനം. 2999 രൂപാ മാത്രം. അതുകൊണ്ടുതന്നെ രാജ്യത്ത് ലക്ഷക്കണക്കിനാളുകള്‍ ആ ടാബ് ബുക്കുചെയ്ത് കാത്തിരിക്കുകയാണ്. വരും, വരുന്നു, വന്നു എന്നു പറഞ്ഞുകേള്‍ക്കുന്നതല്ലാതെ ആകാശ് ടാബ്ലറ്റ് ഇതുവരെ പുറത്തിറങ്ങിയിട്ടില്ല.
എന്നാല്‍, ആയിരം രൂപ കൂടി മുടക്കാന്‍ തയ്യാറുള്ളവരെ ലക്ഷ്യമിട്ടുകൊണ്ടിതാ പുതിയൊരു ബജറ്റ് ടാബ്‌ലറ്റ് വരുന്നു - 'മെര്‍ക്കുറി ഐഎക്‌സ്എ ടാബ്' (Mercury iXA Tab). കമ്പ്യൂട്ടര്‍ ആക്‌സസറികളും ലാപ്‌ടോപ്പുകളും നിര്‍മിക്കുന്ന കോബിയന്‍ ഗ്രൂപ്പാണ് മെര്‍ക്കുറി ഐഎക്‌സ്എ ടാബിന്റെ നിര്‍മാതാക്കള്‍.
'ആകാശി'നേക്കാള്‍ ആയിരം രൂപ വില കൂട്ടി 3,999 രൂപയ്ക്കാണ് കോബിയന്‍ ടാബ്‌ലറ്റ് അവതരിപ്പിക്കുന്നത്. ഒരു സാദാ മൊബൈല്‍ ഫോണ്‍ വാങ്ങുന്ന കാശുകൊണ്ട് ടാബ്‌ലറ്റ് എന്ന സ്വപ്‌നം സാക്ഷാത്കരിക്കാന്‍ കോബിയന്‍ സഹായിക്കും.
മിക്ക വിലകുറഞ്ഞ ടാബ്‌ലറ്റുകളെയും പോലെ ആന്‍ഡ്രോയിഡ് ഒ.എസിലാണ് മെര്‍ക്കുറി ടാബും പ്രവര്‍ത്തിക്കുക. ആന്‍ഡ്രോയിഡിന്റെ 2.3 ജിഞ്ചര്‍ബ്രെഡ് പതിപ്പാണിതിലുള്ളത്. ഒരു ഗിഗാഹെര്‍ട്‌സ് സിപിയു, 512 എംബി റാം എന്നിവ ടാബിന്റെ പ്രവര്‍ത്തനം സുഗമമാക്കും.
ഏഴിഞ്ച് റെസിസ്റ്റീവ് ടച്ച് സ്‌ക്രീനാണ് ടാബിലുള്ളത്. വില കുറഞ്ഞ ടാബ്‌ലറ്റ് ആയതുകൊണ്ടാകും കപ്പാസിറ്റീവ് ടച്ച്‌സ്‌ക്രീന്‍ ഒഴിവാക്കി പഴഞ്ചന്‍ സാങ്കേതികവിദ്യയില്‍ ഓടുന്ന റെസിസ്റ്റീവ് ടച്ച്‌സ്‌ക്രീന്‍ ഉപയോഗിച്ചത്. വിരല്‍ത്തുമ്പുകള്‍ക്ക് വഴങ്ങാന്‍ അല്പം പ്രയാസമുള്ള റെസിസ്റ്റീവ് ടച്ച്‌സക്രീനില്‍ സ്‌റ്റൈലസ് ഉപയോഗിക്കേണ്ടിവരും എന്നതാണ് പ്രധാന പോരായ്മ. 800/480 പിക്‌സലാണ് ഈ ടാബിന്റെ സ്‌ക്രീന്‍ റിസൊല്യൂഷന്‍.
നാല് ജിബി ഇന്‍ബില്‍ട്ട് സ്റ്റോറേജുളള മെര്‍ക്കുറി ടാബില്‍ 32 ജിബി കാര്‍ഡ് വരെ ഉപയോഗിച്ച് സ്‌റ്റോറേജ് കൂട്ടാവുന്നതാണ്. വിജിഎ മുന്‍ക്യാമറയുള്ളതിനാല്‍ ഈ ടാബ്‌ലറ്റില്‍ വീഡിയോകോളിങും സാധ്യമാകും.
കണക്ടിവിറ്റിക്കായി വൈഫൈ സൗകര്യമാണ് ടാബിലുള്ളത്. യുഎസ്ബി സ്‌ലോട്ട് ഉള്ളതിനാല്‍ ത്രിജി ഡോങ്കിളും ഇതില്‍ ഉപയോഗിക്കാന്‍ സാധിക്കും. എല്ലാതരം ഫോര്‍മാറ്റിലുമുള്ള വീഡിയോ, ഓഡിയോ ഫയലുകളും പ്രവര്‍ത്തിപ്പിക്കാവുന്ന മീഡിയ പ്ലെയറും ടാബിലുണ്ട്. യുഎസ്ബി. കീബോര്‍ഡ് ഉപയോഗിച്ച് ടാബിനെ ഒരു നെറ്റ്ബുക്ക് പോലെയും ഉപയോഗിക്കാനാകും.
ആന്‍ഡ്രോയിഡ് ടാബ്‌ലറ്റ് ആയതിനാല്‍ ഗൂഗിളിന്റെ ആപ്ലിക്കേഷന്‍ ചന്തയായ 'പ്ലേ സ്‌റ്റോറില്‍' നിന്ന് ആപ്ലിക്കേഷന്‍സുകള്‍ തിരഞ്ഞെടുക്കാനുള്ള സൗകര്യവുമുണ്ട്. 341 ഗ്രാം ഭാരമുളള ടാബില്‍ 1450 എംഎഎച്ച് ബാറ്ററിയാണ് ഉപയോഗിക്കുക.
3,999 രൂപയ്ക്കുള്ള ഈ ടാബ്‌ലറ്റ് ഒരു ലിമിറ്റഡ് എഡിഷന്‍ മോഡലായിട്ടാണ് കോബിയന്‍ അവതരിപ്പിക്കുന്നത്. മുന്‍കൂട്ടി ബുക്ക് ചെയ്യുന്ന കുറച്ചുപേര്‍ക്കേ ലഭിക്കൂ എന്നര്‍ഥം.
ആകാശ് ടാബ്‌ലറ്റിന്റെ നിര്‍മാതാക്കളായ യുബി സ്ലേറ്റ് പുറത്തിറക്കുന്ന 7 പ്ലസ്, 7സി എന്നീ ടാബ്‌ലറ്റുകളോടാകും മെര്‍ക്കുറി ടാബിനു മത്സരിക്കേണ്ടിവരിക. 2,999 രുപ, 3,999 രൂപ എന്നിവയാണ് ഇവയുടെ വില. രണ്ടു ടാബ്‌ലറ്റുകളിലും കപ്പാസിറ്റീവ് ടച്ച്‌സ്‌ക്രീനും ജിപിആര്‍എസുമുണ്ടെന്നത് ഓര്‍ക്കണം. ഫോണ്‍ ചെയ്യാനുള്ള സൗകര്യവും ഈ ടാബുകളിലുണ്ട്. സൗകര്യങ്ങള്‍ അധികമുണ്ടെങ്കിലും യുബി സ്ലേറ്റ് ടാബ്‌ലറ്റ് എന്ന് വിപണിയിലെത്തുമെന്ന കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുകയാണ്.
മെയ് 23 മുതല്‍ മെര്‍ക്കുറി ടാബിന്റെ ബുക്കിങ് ആരംഭിക്കും. ബുക്കിങ് തുടങ്ങി ഒരു മാസത്തിനകം മെര്‍ക്കുറി ടാബ് ഉപയോക്താക്കളുടെ കൈകളിലെത്തുമെന്നാണ് കോബിയന്റെ അവകാശവാദം. അതു യാഥാര്‍ഥ്യമാകുമോ എന്നാണിനി അറിയാനുള്ളത്.
No comments:
Post a Comment