Tuesday, May 22, 2012

വ്യൂഫോണ്‍ 3 ഇന്ത്യയിലേക്ക്‌







ഏറ്റവും പുതിയ സാങ്കേതികവിദ്യയില്‍ പ്രവര്‍ത്തിക്കുന്ന എല്‍സിഡികളും പ്ലാസ്മ ഡിസ്‌പ്ലേകളും പ്രൊജക്ടറുകളും വിപണിയിലെത്തിച്ചുകൊണ്ട് ലോകശ്രദ്ധ നേടിയ കമ്പനിയാണ് വ്യൂസോണിക് കോര്‍പറേഷന്‍. അമേരിക്കയിലെ കാലിഫോര്‍ണിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഈ കമ്പനി 1987 ലാണ് പ്രവര്‍ത്തനം തുടങ്ങിയത്. കാല്‍നൂറ്റാണ്ടുകൊണ്ട് യൂറോപ്യന്‍ ഇലക്‌ട്രോണിക്‌സ് വിപണിയില്‍ ശ്രദ്ധേയ സാന്നിധ്യമാകാന്‍ കമ്പനിക്ക് സാധിച്ചു. മറ്റു കമ്പനികളെല്ലാം തങ്ങളുടെ ഉത്പന്നങ്ങള്‍ക്ക് ഒരുവര്‍ഷം ഗ്യാരന്റി നല്‍കുമ്പോള്‍ മൂന്നു വര്‍ഷത്തെ ഗ്യാരന്റി വാഗ്ദാനം ചെയ്തുകൊണ്ടാണ് വ്യൂസോണിക് ഉപയോക്താക്കളെ ആകര്‍ഷിച്ചത്. ഇന്നിപ്പോള്‍ പ്രതിവര്‍ഷം നൂറുകോടി ഡോളര്‍ വിറ്റുവരവുള്ള വമ്പന്‍ കമ്പനിയായി വ്യൂസോണിക് മാറിക്കഴിഞ്ഞു.

കഴിഞ്ഞ കുറേ വര്‍ഷങ്ങളായി വ്യൂഫോണ്‍ എന്ന പേരില്‍ സ്മാര്‍ട്‌ഫോണുകളും കമ്പനി പുറത്തിറക്കുന്നുണ്ട്. സിഡിഎംഎ സാങ്കേതികവിദ്യയില്‍ പ്രവര്‍ത്തിക്കുന്ന ഈ ഫോണുകള്‍ക്ക് വിപണിയില്‍ മികച്ച പ്രതികരണം ലഭിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ മൊബൈല്‍ഫോണ്‍ വിപണിയായി മാറിക്കൊണ്ടിരിക്കുന്ന ഇന്ത്യയിലും വ്യൂസോണിക് സാന്നിധ്യമറിയിക്കാന്‍ എത്തിക്കഴിഞ്ഞു.

ഈ വര്‍ഷം ആദ്യം ലാസ്‌വെഗാസില്‍ നടന്ന കണ്‍സ്യൂമര്‍ ഇലക്‌ട്രോണിക് ഷോയില്‍ അവതരിപ്പിക്കപ്പെട്ട വ്യൂഫോണ്‍ 3 എന്ന മോഡലുമായാണ് വ്യൂസോണിക്കിന്റെ ഇന്ത്യന്‍ അരങ്ങേറ്റം. ഇന്ത്യയിലെത്തിയ ആദ്യ ഡ്യുവല്‍ സിം ത്രിജി സിഡിഎംഎ സ്മാര്‍ട്‌ഫോണാണ് വ്യൂഫോണ്‍ 3 എന്ന് കമ്പനി അവകാശപ്പെടുന്നു. റിലയന്‍സ് മൊബൈല്‍ ടെലികോം കമ്പനിയുമായി സഹകരിച്ചുകൊണ്ട് വിപണിയിലെത്തുന്ന ഈ ഫോണിന് 9,990 രൂപയാണ് വില.

വിവിധ സംസ്ഥാനങ്ങളിലൂടെ റോമിങ് നടത്തേണ്ടിവരുന്ന മുന്‍നിര പ്രൊഫഷണലുകള്‍ക്കും ബിസിനസുകാര്‍ക്കുമാണ് ഡ്യുവല്‍സിം സ്മാര്‍ട്‌ഫോണുകള്‍ ആവശ്യമായിവരിക. അത്തരക്കാരെ ലക്ഷ്യമിട്ടുകൊണ്ടാണ് വ്യൂഫോണ്‍ 3എത്തുന്നതും. ആന്‍ഡ്രോയ്ഡ് 2.3 ജിഞ്ചര്‍ബ്രെഡ് വെര്‍ഷനില്‍ പ്രവര്‍ത്തിക്കുന്ന ഈ ഫോണില്‍ 3.5 ഇഞ്ച് മള്‍ട്ടിടച്ച് ഡിസ്‌പ്ലേ ആണുള്ളത്. റിസൊല്യൂഷന്‍ 320/480 പിക്‌സല്‍സ്. 800 മെഗാഹെര്‍ട്‌സ് ക്വാല്‍കോം പ്രൊസസര്‍, 512 എംബി റാം എന്നിവയാണിതിന്റെ ഹാര്‍ഡ്‌വേര്‍ കരുത്ത്. മൈക്രോ എസ്ഡി കാര്‍ഡുപയോഗിച്ച് 32 ജിബി വരെ സ്‌റ്റോറേജ് ശേഷി വര്‍ധിപ്പിക്കാനുമാകും.

ത്രിജി, വൈഫൈ, ജിപിഎസ്, ജി-സെന്‍സര്‍, ഇ-കോമ്പസ്, 3.5 എം.എം. ഓഡിയോ ജാക്ക് എന്നിവയെല്ലാ വ്യൂഫോണ്‍ 3യിലുണ്ട്. ഇന്‍ബില്‍ട്ട് വൈഫൈ ഹോട്ട്‌സ്‌പോട്ട് ഉള്ളതിനാല്‍ വ്യൂഫോണ്‍ 3 യെ മോഡം പോലെ ഉപയോഗിക്കാനാകും. ലാപ്‌ടോപ്പുകള്‍ക്കും ടാബ്‌ലറ്റുകള്‍ക്കും ഇന്റര്‍നെറ്റ് കണക്ടവിറ്റിക്കായി ത്രിജി ഡോങ്കിള്‍ വേറെ വാങ്ങേണ്ടി വരില്ലെന്നര്‍ഥം.

ഫോട്ടോകളുടെ കാര്യത്തിലാണ് വ്യൂഫോണ്‍ 3 ഏറെ നിരാശപ്പെടുത്തുന്നത്. അഞ്ച് മെഗാപിക്‌സല്‍ ക്യാമറയുണ്ടെങ്കിലും എല്‍ഇഡി ഫ്ലാഷ് ഇല്ല. ഫ്രണ്ട് ക്യാമറ ഇല്ലാത്തതിനാല്‍ വീഡിയോ കോളിങിനെക്കുറിച്ചും ആലോചിക്കേണ്ട. എന്‍ട്രിലെവല്‍ ആന്‍ഡ്രോയിഡ് ഫോണുകളിറക്കിക്കൊണ്ട് ഇന്ത്യന്‍ വിപണിയില്‍ ചലനമുണ്ടാക്കുന്ന മൈക്രോമാക്‌സ്, സാംസങ്, എല്‍ജി തുടങ്ങിയ കമ്പനികളോടാകും വ്യൂഫോണിന് മത്സരിക്കേണ്ടിവരുക.

No comments:

Post a Comment