Sunday, May 13, 2012


                                                                   ഭീമന്‍ ടാബ്‌ലറ്റുമായി തോഷിബ







ടാബ്‌ലറ്റുകള്‍ പൊതുവെ രണ്ട് വലിപ്പത്തിലാണ് ഉപഭോക്താക്കള്‍ കണ്ടിരുന്നത്. ആമസോണിന്റെ കിന്‍ഡ്ല്‍ ഫയറിന്റെയും സാംസങിന്റെ ഗാലക്‌സി ടാബ് 7.7 ന്റെയും മാതൃകയില്‍ ഏതാണ്ട് ഏഴിഞ്ച് വലിപ്പമുള്ളവ. അതല്ലെങ്കില്‍, ആപ്പിളിന്റെ ഐപാഡ് പോലെ പത്തിഞ്ച് പരിധിയുള്ളവ.

എന്നാല്‍, ഇതിനെയൊക്കെ കടത്തിവെട്ടുകയാണ് തോഷിബ അവതരിപ്പിച്ച പുതിയ ടാബ്‌ലറ്റ്. 13.3 ഇഞ്ച് വലിപ്പമുള്ള ഭീമന്‍ ടാബ്‌ലറ്റാണ് കമ്പനി രംഗത്തെത്തിച്ചിരിക്കുന്നത്. പേര് 'തോഷിബ എക്‌സൈറ്റ് 13'.

'എക്‌സൈറ്റ്' പരമ്പരയില്‍പെട്ട മൂന്ന് ആന്‍ഡ്രോയിഡ് ടാബ്‌ലറ്റുകള്‍ തോഷിബ പുതിയതായി അവതരിപ്പിച്ചതില്‍ ഒന്നാണ് എക്‌സൈറ്റ് 13. ഈ പരമ്പരയിലെ മറ്റ് രണ്ടുമോഡലുകള്‍ എക്‌സൈറ്റ് 10, എക്‌സൈറ്റ് 7.7 എന്നിവയാണ്.

വലിപ്പംകുറഞ്ഞ മറ്റ് ടാബ്‌ലറ്റുകളെപ്പോലെ അനായാസം കൈയില്‍പിടിച്ച് ഇത് ഉപയോഗിക്കാന്‍ സാധിക്കില്ല. അങ്ങനെയെങ്കില്‍ 13.3 ഇഞ്ച് വലിപ്പമുള്ള ഒരു ഭീമന്‍ ടാബ്‌ലറ്റിന്റെ ആവശ്യമെന്തെന്ന് തോന്നാം. 1600/900 എല്‍സിഡി സ്‌ക്രീനോടുകൂടിയ ഒരു ടാബ്‌ലറ്റ് ആരെയാണ് ലക്ഷ്യമിടുന്നത്?

തോഷിബ ഈ ഭീമന്‍ ടാബ്‌ലറ്റ് വില്‍ക്കുക അത് ഉറപ്പിച്ചുവെയ്ക്കാന്‍ സഹായിക്കുന്ന ഒരു സ്റ്റാന്‍ഡോടുകൂടിയാണ്. സ്റ്റാന്‍ഡ് ടാബ്‌ലറ്റില്‍ ഘടിപ്പിച്ചതാവില്ല, ടാബ്‌ലറ്റിന്റെ കവറിനൊപ്പമാണ് അത് ലഭിക്കുക. ഒട്ടേറെപ്പേര്‍ക്ക് ഒരുമിച്ച് സിനിമ കാണാന്‍ എക്‌സൈറ്റ് 13 അവസരമൊരുക്കും. ടാബ്‌ലറ്റിലെ ശക്തിയേറിയ സ്പീക്കര്‍ അതാണ് ലക്ഷ്യമിടുന്നത്.


എക്‌സൈറ്റ് പരമ്പരയിലെ മറ്റ് രണ്ട് അംഗങ്ങളെപ്പോലെ, എക്‌സൈറ്റ് 13 ലും മുന്‍ഭാഗത്ത് 1.3 മെഗാപിക്‌സല്‍ ക്യാമറയും, പിന്‍വശത്ത് അഞ്ചു മെഗാപിക്‌സല്‍ ക്യാമറയുമുണ്ട്. ക്വാഡ്-കോര്‍ എന്‍വിഡിയ ടെഗ്ര 3 പ്രൊസസര്‍ നല്‍കുന്ന ശക്തിയില്‍, ഫുള്‍സ്‌ക്രീന്‍ വീഡിയോ കോണ്‍ഫറന്‍സിങ് ഇതില്‍ സാധ്യമാകും.

ബ്ലൂടൂത്ത് ഗെയിം കണ്‍ട്രോളറുകള്‍ ഉപയോഗിച്ച് എന്‍വിഡിയ ടെഗ്ര സോണ്‍ ഗെയിമുകള്‍ ഇതില്‍ കളിക്കാം. ഒരിടത്ത് സസ്ഥമായിരുന്ന് ഒരു ഗെയിംപാഡിന്റെ സഹായത്തോടെ ടാബ്‌ലറ്റില്‍ ഗെയിം കളിക്കുകയെന്നത് മികച്ച അനുഭവമാകുമെന്ന് തോഷിബ അവകാശപ്പെടുന്നു. ടാബ്‌ലറ്റിനെ കൈയില്‍പിടിക്കുകയോ, ചെരിക്കുകയോ ഒന്നുംവേണ്ട.

ഗൂഗിളിന്റെ ഓണ്‍ലൈന്‍ വിനോദവിപണിയായ ഗൂഗിള്‍ പ്ലേയുടെ മുഴുവന്‍ സാധ്യതകളും എക്‌സൈറ്റ് 13 ന് ലഭ്യമാകും. ഒപ്പം ടാബ്‌ലിഫീഡ് മാര്‍ക്കറ്റ്, എന്‍വിഡിയ ടെഗ്ര സോണ്‍ എന്നിവയുടെയും പിന്തുണയുണ്ടാകും. ഇവ കൂടാതെ, തോഷിബയുടെ ആപ്പ് കണ്ടെത്തല്‍ സങ്കേതമായ 'ആപ്പ് പ്ലെയ്‌സി'ന്റെ പ്രയോജനവും ലഭിക്കും.

തോഷിബയുടെ മറ്റ് ടാബ്‌ലറ്റുകളെപ്പോലെ, എക്‌സൈറ്റ് 13 ലും പൂര്‍ണതോതിലുള്ള എസ്ഡി കാര്‍ഡ് സ്ലോട്ടും, സ്‌പെഷ്യല്‍ ടിവി ഔട്ട്പുട്ടും, 3.5 എംഎം ഹെഡ്‌സെറ്റ് ജാക്കും, പ്രത്യേക ഡോക്കിങ് പോര്‍ട്ടുമെല്ലാമുണ്ട്.

രണ്ട് മോഡലുകളായാണ് എക്‌സൈറ്റ് 13 വിപണിയിലെത്തുക. 32 ജിബി ഇന്റേണല്‍ സ്റ്റോറേജുള്ള മോഡലും (വില 649 ഡോളര്‍), 64 ജിബി മോഡലും (വില 749 ഡോളര്‍). അടുത്ത ജൂണോടെ എക്‌സൈറ്റ് 13 വിപണിയിലെത്തുമെന്ന് തോഷിബ അറിയിക്കുന്നു.

എക്‌സൈറ്റ് 10 മൂന്ന് മോഡലുകളില്‍ ലഭ്യമാകും - 16 ജിബി, 32 ജിബി, 64 ജിബി എന്നിങ്ങനെ. ഇവയുടെ വില യഥാക്രമം 449 ഡോളര്‍, 529 ഡോളര്‍, 649 ഡോളര്‍ ആയിരിക്കും. എക്‌സൈറ്റ് 7.7 ടാബ്‌ലറ്റിന്റെ 16 ജിബി, 32 ജിബി മോഡലുകളാകും രംഗത്തെക്കുക. വില യഥാക്രമം 499 ഡോളര്‍, 579 ഡോളര്‍ എന്നിങ്ങനെ.

No comments:

Post a Comment