Tuesday, May 22, 2012


ദൃശ്യവിപ്ലവം സൃഷ്ടിക്കാന്‍ ആന്‍ഡ്രോയിഡ് കണ്ണട







പത്തുവര്‍ഷംമുമ്പ് ഐപോഡ് അവതരിപ്പിക്കപ്പെടുമ്പോള്‍, വ്യക്തിഗത വിനോദത്തെ അതെങ്ങനെ മാറ്റാന്‍ പോകുന്നുവെന്ന് ആര്‍ക്കും രൂപമുണ്ടായിരുന്നില്ല. ആപ്പിള്‍ അവതരിപ്പിച്ച ആ ഡിജിറ്റല്‍ മ്യൂസിക് പ്ലെയര്‍ വിനോദത്തെ മാത്രമല്ല മ്യൂസിക് വ്യവസായത്തെയും വിപ്ലവകരമായി പുനര്‍നിര്‍ണയിച്ചു.

പോക്കറ്റിലിടാവുന്ന ഡിജിറ്റല്‍ മ്യൂസിക് പ്ലെയറുകളുടെ പ്രളയമാണ് പിന്നീടുണ്ടായത്. യാത്രാവേളയിലും തനിച്ചിരിക്കുമ്പോഴും പ്രഭാതസവാരിക്കിടയിലും, എവിടെവെച്ചും സംഗീതമാസ്വദിക്കാമെന്നു വന്നു.

ഇതിന് സമാനമായ രീതിയില്‍ വീഡിയോ കാണാന്‍ സാധിക്കുമെന്ന് വന്നാലോ. ബസിലോ തീവണ്ടിയിലോ ഇരിക്കുന്ന വേളയില്‍ ഒരു കണ്ണട ധരിക്കുകയും, അതുവഴി 80 ഇഞ്ച് വിസ്താരത്തില്‍ വീഡിയോ ദൃശ്യങ്ങള്‍ ഉയര്‍ന്ന ഗുണനിലവാരത്തില്‍ ആസ്വദിക്കാമെന്നും വന്നോലോ!

തീര്‍ച്ചയായും വ്യക്തിഗത വിനോദത്തിന്റെ പുത്തന്‍ സാധ്യതയാകുമത്.

മുമ്പ് പലതവണ ഈ ആശയം പല കമ്പനികളും നടപ്പിലാക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ഇപ്പോഴിതാ ആദ്യമായി ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്ന മള്‍ട്ടിമീഡിയ കണ്ണട വിപണിയിലെത്തുന്നു.

ഇപ്‌സണ്‍ (Epson) കമ്പനി പുറത്തിറക്കിയ 'മൂവീറിയോ ബിടി-100' (Movierio BT - 100) എന്ന ഉപകരണമാണത്. കാഴ്ചയില്‍ സാധാരണ സണ്‍ഗ്ലാസിനെ അനുസ്മരിപ്പിക്കുന്ന ഈ ഉപകരണം, ഗൂഗിളിന്റെ മൊബൈല്‍ പ്ലാറ്റ്‌ഫോമായ ആന്‍ഡ്രോയിഡ് 2.2 ലാണ് പ്രവര്‍ത്തിക്കുന്നത്. ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്ന ലോകത്തെ ആദ്യ മള്‍ട്ടിമീഡിയ കണ്ണടയാണിത്.

ആന്‍ഡ്രോയിഡില്‍ പ്രവര്‍ത്തിക്കുന്ന ഈ 'മള്‍ട്ടിമീഡിയ കണ്ണട' ഉപയോഗിച്ച് 80 ഇഞ്ച് വിസ്താരമുള്ള ഒരു സിമുലേറ്റഡ് സ്‌ക്രീനില്‍ വീഡിയോ കാണാനാകും. ത്രീഡി ദൃശ്യങ്ങളും ഇതില്‍ സാധ്യമാണ്. കഴിഞ്ഞ ഡിസംബറില്‍ ജപ്പാനില്‍ അവതരിപ്പിച്ച ഈ ഉപകരണം, ഇപ്പോള്‍ 699.99 ഡോളറിന് അമേരിക്കയില്‍ വില്‍പ്പനയ്‌ക്കെത്തിയിരിക്കുന്നു. ആമസോണ്‍ ആണ് വില്‍പ്പനക്കാര്‍, ഏപ്രില്‍ ആറു മുതല്‍ ലഭിച്ചുതുടങ്ങും.


ഈ കണ്ണടയിലുള്ള 'പികോ പ്രൊജക്ടറുകള്‍' (മൊബൈല്‍ പ്രൊജക്ടറുകള്‍), 16 അടി അകലത്തില്‍ 80 ഇഞ്ച് വലിപ്പത്തിലുള്ള പ്രതീതിയാഥാര്‍ഥ്യ ഡിസ്‌പ്ലേയാണ് കണ്ണിന് മുന്നില്‍ സൃഷ്ടിക്കുക. 1 ജിബി ബില്‍ട്ടിന്‍ സ്റ്റോറേജ് കണ്ണടയിലുണ്ട്. മൈക്രോ എസ്ഡിഎച്ച്‌സി (microSDHC) കാര്‍ഡ് സ്ലോട്ട് വഴി വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്യുകയുമാകാം. വൈഫൈ കണക്ടിവിറ്റിയുമുണ്ട് ഈ വീഡിയോ കണ്ണടയില്‍. ആറുമണിക്കൂര്‍ ഉപയോഗിക്കാന്‍ കഴിയുന്ന റീച്ചാര്‍ജ് ചെയ്യാവുന്ന ബാറ്ററിയുമുണ്ട് ഇതില്‍. ഇയര്‍ബഡുകള്‍ ഡോള്‍ബി ശബ്ദസംവിധാനം ഒരുക്കിത്തരും.

വീഡിയോ കണ്ണട ബന്ധിപ്പിച്ചിരിക്കുന്നത് ഒരു നിയന്ത്രണ ഉപകരണവുമായാണ്. അഡോബി ഫ്ലാഷിനെ പിന്തുണയ്ക്കുന്ന ഉപകരണമാണിത്. പോക്കറ്റിലിട്ട് നടക്കാവുന്ന ഈ കണ്ണടയില്‍ MPEG 4 വീഡിയോകള്‍ മാത്രമല്ല, ഫയലുകളും മറ്റ് ആപ്ലിക്കേഷനുകളും കാണാം. വെബ്ബ് ബ്രൗസിങും സാധ്യമാണ്. ഈ മള്‍ട്ടിമീഡിയ കണ്ണട വെച്ച് ഉപയോഗിക്കുന്ന വേളയില്‍, കണ്ണടയ്ക്കുള്ളിലൂടെ പുറംലോകം കാണുകയുമാകാം. അതിനാല്‍, ചുറ്റുപാടുകളെക്കുറിച്ചുള്ള ധാരണ നഷ്ടമാകില്ല.

പുതിയ ഉപകരണത്തിന് ആന്‍ഡ്രോയിഡ് അധിഷ്ഠിത ആപ്പ്‌സുകള്‍ (Apps) നിര്‍മിക്കാന്‍ അമേരിക്കയിലെ ഡെവലപ്പര്‍മാരെ ഇപ്‌സണ്‍ ക്ഷണിച്ചിട്ടുണ്ട്.

വ്യക്തിഗത വിനോദത്തെ കാര്യമായി സ്വാധീനിക്കാന്‍ പോകുന്ന ഉപകരണമാണെങ്കിലും, ഇത് വെറുമൊരു വിനോദോപകരണം മാത്രമല്ലെന്ന് ഇപ്‌സണ്‍ പറയുന്നു. വിര്‍ച്വല്‍ പരിശീലനങ്ങള്‍, ത്രീഡി ഡിസൈനിങ് തുടങ്ങിയ മേഖലകളിലും ഇത് ഉപയോഗിക്കാന്‍ കഴിയുമെന്ന് ഇപ്‌സണ്‍ ന്യൂ ബിസിനസ് ഡെവലപ്‌മെന്റ് മേധാവി അന്ന ജെന്‍ പറയുന്നു.

No comments:

Post a Comment