ക്ലിക്കുകള്‍ക്ക് വിട; മൗസുകളും ടച്ചിലേക്ക്
ക്ലിക്കുകളും ഡബിള്‍ ക്ലിക്കുകളും കമ്പ്യൂട്ടര്‍ ഉപഭോക്താക്കളുടെ മനസ്സില്‍ പതിഞ്ഞുപോയ ശബ്ദമാണ്. ഫോണുകളുടെയും കമ്പ്യൂട്ടറുകളുടെയും കീബോര്‍ഡുകള്‍ ടച്ച് സ്‌ക്രീനുകള്‍ക്ക് വഴിമാറിയതുപോലെ മൗസുകളും മാറുമ്പോള്‍, ക്ലിക്കുകള്‍ ഓര്‍മയായി മാറിയേക്കാം.
ഒരുകാലത്ത് കമ്പ്യൂട്ടറുകളെ മൊത്തം ഭരിച്ചിരുന്ന മൗസുകള്‍, ടച്ച്‌സ്‌ക്രീനുകളുടെ വരവോടെ കുടിയിറക്കിന്റെ ഭീഷണിയിലാണ്. മൈക്രോസോഫ്ടിന്റെ അടുത്ത തലമുറ ഒ.എസ്. ആയ വിന്‍ഡോസ് 8 വിജയിക്കുകയാണെങ്കില്‍ ഒരുപക്ഷേ, മൗസുകള്‍ എന്നെന്നേക്കുമായി അപ്രത്യക്ഷമായേക്കാം. വിന്‍ഡോസ് 8 ടച്ച്‌സ്‌ക്രീന്‍ സങ്കേതത്തിനുകൂടി അനുസൃതമായാണ് രൂപപ്പെടുത്തിയിരിക്കുന്നത്.
നാടോടുമ്പോള്‍ നടുവേ ഓടണമെന്ന പഴമൊഴി ഓര്‍മയുള്ളതുകൊണ്ടാവണം പ്രശസ്ത മൗസ് നിര്‍മാതാക്കളായ ലോജിടെക് കമ്പനി, കാലത്തിനൊത്ത് ഉയരുകയാണ്. ബട്ടണ്‍ ഫ്രീ/വയര്‍ ഫ്രീ മൗസാണ് കമ്പനി പുതുതായി പുറത്തിറക്കുന്നത്. പൂര്‍ണമായും ടച്ച്‌സങ്കേത്തില്‍ പ്രവര്‍ത്തിക്കുന്ന എം600 മൗസില്‍ ക്ലിക്ക് ബട്ടണുകളും സ്‌ക്രോള്‍ വീലുകളും ഒന്നുമില്ല.
ഈ മൗസ് ഒരു സ്മാര്‍ട്ട്‌ഫോണ്‍ ടച്ച്‌സ്‌ക്രീന്‍ ഉപയോഗിക്കുന്ന രീതിയില്‍ ഉപയോഗിക്കാം. മൗസിന്റെ പ്രതലം മുഴുവന്‍ ഉപയോഗിക്കാവുന്നതിനാല്‍ വിരലുകള്‍ എവിടെയായാലും മൗസ് പ്രവര്‍ത്തിക്കും. എം600 ഒരു വയര്‍ലെസ് മൗസ് കൂടിയാണ്. വിന്‍ഡോസ് 7 ന്് വേണ്ടിയാണ് ഇതിപ്പോള്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്.
പ്രത്യേക ലോജിടെക് യൂണിഫൈയിങ് റിസീവര്‍ ഉപയോഗിച്ചാണ് കമ്പ്യൂട്ടറുകളുമായി ഇത് കണക്ട് ചെയ്യുന്നത്. ഒരേസമയം ആറ് ലോജിടെക് ഉപകരണങ്ങളെ കമ്പ്യൂട്ടറുമായി ബന്ധപ്പെടുത്താന്‍ കഴിയുന്നതാണ് ഈ റിസീവര്‍. മൗസിന്റെ കൂടെ ലഭിക്കുന്ന പ്രത്യേക സോഫ്ട്‌വേര്‍ ഉപയോഗിച്ച് ഇടതുകൈയന്‍മാര്‍ക്ക് യോജിച്ച രീതിയില്‍ പ്രോഗ്രാം ചെയ്യാനും സാധിക്കും.
'അഡ്‌വാന്‍സ്ഡ് ഒപ്റ്റിക്കല്‍ ട്രാക്കിങ്' വഴി ഏത് പ്രതലത്തിലും സുഖകരമായ ഉപയോഗം സാധ്യമാകും. 33 അടി വരെ ദൂരപരിധിയുള്ള മൗസിന് ആകര്‍ഷകമായ രൂപമാണുള്ളത്. ഒരു സാധാരണ AA ബാറ്ററികൊണ്ട് മൂന്നുമാസം മൗസ് പ്രവര്‍ത്തിപ്പിക്കാം. മറ്റൊരു ബാറ്ററി കൂടി ചേര്‍ത്താല്‍ ആറുമാസമാകും കാലയളവ്. ഫിബ്രവരി അവസാനത്തോടെ പുറത്തിറങ്ങുന്ന മൗസിന് വില 70 ഡോളര്‍ വരും.
എന്നാല്‍, ഇതേ സങ്കേതത്തില്‍ പ്രവര്‍ത്തിക്കുന്ന മറ്റ് മൗസുകളായ ആപ്പിളിന്റെ മാജിക് മൗസ് (36 ഡോളര്‍), മൈക്രോസോഫ്റ്റ് ടച്ച് മൗസ് (50ഡോളര്‍) എച്ച്.പി. വൈഫൈ ടച്ച് മൗസ് ടച്ച് മൗസ് (35 ഡോളര്‍) എന്നിവ കുറഞ്ഞ വിലയില്‍ വില്‍ക്കുന്നത് എം600 ന് ശക്തമായ ഭീഷണിയാവും.
No comments:
Post a Comment