ഇന്റര്‍നെറ്റ് സെന്‍സര്‍ഷിപ്പ് : ഇന്ത്യന്‍ സൈറ്റുകള്‍ക്കെതിരെ 'അനോണിമസ്' ആക്രമണം
പ്രമുഖ ഹാക്കര്‍ ഗ്രൂപ്പായ 'അനോണിമസ്' ഇന്ത്യന്‍ വെബ്‌സൈറ്റുകള്‍ക്കെതിരെ ആക്രമണം നടത്തി. കേന്ദ്രസര്‍ക്കാര്‍ വകുപ്പുകളുടെയും സുപ്രീംകോടതിയുടെയും രണ്ട് രാഷ്ട്രീയപാര്‍ട്ടികളുടെയും സൈറ്റുകള്‍ക്ക് നേരെയാണ് ആക്രമണപരമ്പര അരങ്ങേറിയത്. അതിന്റെ ഫലമായി ആ സൈറ്റുകള്‍ കഴിഞ്ഞ ദിവസം താത്ക്കാലികമായി പ്രവര്‍ത്തനരഹിതമായി.
അറിയപ്പെടുന്ന ചില വീഡിയോപങ്കിടല്‍ സൈറ്റുകളായ വിമിയോ (Vimeo), ഡെയ്‌ലിമോഷന്‍ (DailyMotion), ദി പൈറ്റേറ്റ് ബേ (The Pirate Bay) തുടങ്ങിയവയുടെ പ്രവര്‍ത്തനം ഇന്ത്യയില്‍ തടഞ്ഞതിന് തിരിച്ചടിയായാണ് തങ്ങള്‍ ആക്രമണം നടത്തിയതെന്ന് അനോണിമസ് പ്രസ്താവിച്ചു.
ഈ ടോറന്റ് സൈറ്റുകളുടെ പ്രവര്‍ത്തനം ഇന്ത്യയില്‍ തടയാന്‍ മുന്‍കൈയെടുത്ത കോപ്പിറൈറ്റ്‌സ്‌ലാബ്‌സ് (Copyrightlabs) എന്ന ചെന്നൈ കേന്ദ്രമായുള്ള സ്ഥാപനത്തിന്റെ സൈറ്റും ആക്രമിക്കപ്പെട്ടു. നിയമവിരുദ്ധമായി ബോളിവുഡ് സിനിമ ഷെയര്‍ ചെയ്യുന്ന ഇത്തരം സൈറ്റുകള്‍ തടയാനുള്ള ഉത്തരവ് മാര്‍ച്ചിലാണ് കോപ്പിറൈറ്റ്‌സ്‌ലാബ്‌സ് നേടിയത്.
ആ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡറുകളും മൊബൈല്‍ കമ്പനികളും ഏതാനും ദിവസം മുമ്പ് വീഡിയോ ഷെയറിങ് സൈറ്റുകള്‍ തടയാന്‍ ആരംഭിച്ചിരുന്നു.
ഇന്ത്യയിലെ 'ഇന്റര്‍നെറ്റ് സെന്‍സര്‍ഷിപ്പി'നെതിരെയുള്ള തിരിച്ചടിയാണ് തങ്ങള്‍ നടത്തിയതെന്ന് അനോണിമസ് പറഞ്ഞു. കോപ്പിറൈറ്റ്‌സ്‌ലാബ്‌സിന്റെ വെബ്‌സൈറ്റും കുറെനേരത്തേക്ക് പ്രവര്‍ത്തനരഹിതമായി. 'opIndia' എന്ന പേരില്‍ മെയ് ഒന്‍പതിന് അനോണിമസ് പ്രഖ്യാപിച്ച ക്യാമ്പയിന്റെ ഭാഗമായിരുന്നു ആക്രമണം.
മൊത്തം 14 സൈറ്റുകള്‍ക്കെതിരെയാണ് അനോണിമസ് ആക്രമണം നടത്തിയത്. കേന്ദ്ര ടെലകോം, ഇലക്ട്രോണിക്‌സ്, ഐടി വകുപ്പുകളുടെ സൈറ്റുകളാണ് ഏറ്റവും കനത്ത ആക്രമണം നേരിട്ടത്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസി (ഐഎന്‍സി) ന്റെയും ഭാരതീയ ജനതാപാര്‍ട്ടി (ബിജെപി) യുടെയും സൈറ്റുകളും ആക്രമണത്തിന്റെ ഫലമായി ഓഫ്‌ലൈനിലായി.
ആക്രമണത്തിന്റെ വിശദാംശങ്ങള്‍ അനോണിമസ് ഗ്രൂപ്പ് ട്വിറ്ററില്‍ പോസ്റ്റു ചെയ്യുന്നുണ്ടായിരുന്നു. സൈറ്റ് വിളിച്ചാല്‍ കിട്ടാതെ വരുന്ന സ്ഥിതിവിശേഷമുണ്ടാക്കുന്ന 'ഡിസ്ട്രിബ്യൂട്ടഡ് ഡെനിയല്‍ ഓഫ് സര്‍വീസ്' (DDoS) ആക്രമണം എന്ന തന്ത്രമാണ് ഇക്കാര്യത്തില്‍ അനോണിമസ് സ്വീകരിച്ചത്.
എന്നാല്‍, ആ തന്ത്രം ഭാഗികമായേ വിജയിച്ചുള്ളൂ എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കാരണം, ആക്രമണവേളയില്‍ ഓഫ്‌ലൈനിലായെങ്കിലും, അധികംവൈകാതെ മിക്ക സൈറ്റുകളും വീണ്ടും പ്രവര്‍ത്തനമാരംഭിച്ചു.
No comments:
Post a Comment