Monday, May 14, 2012

ഫെയ്‌സ്ബുക്ക് വേം പടരുന്നു; 45000 പാസ്‌വേഡുകള്‍ കവര്‍ന്നു







വിവിധ രാജ്യങ്ങളിലെ 45000 ഫെയ്‌സ്ബുക്ക് ഉപയോക്താക്കളുടെ അക്കൗണ്ട് വിവരങ്ങള്‍ കമ്പ്യൂട്ടര്‍ ഭേദകര്‍ ചോര്‍ത്തി. പാസ്‌വേഡ് അടക്കമുള്ള രഹസ്യവിവരങ്ങളാണ് കവര്‍ന്നത്. കൂടുതല്‍ ഭീഷണി ഒഴിവാക്കാന്‍ ഇത്രയും അക്കൗണ്ടുകളുടെ പാസ്‌വേഡുകള്‍ മാറ്റാന്‍ ഉപയോക്താക്കളെ പ്രേരിപ്പിക്കാന്‍ ഫെയ്‌സ്ബുക്ക് തീരുമാനിച്ചു.

'രാംനിറ്റ് വേം' (Ramnit worm) എന്ന ദുഷ്ടപ്രോഗ്രാമിന്റെ പുതിയൊരു വകഭേദം ഉപയോഗിച്ചാണ്, ഫെയ്‌സ്ബുക്കില്‍ കുബുദ്ധികള്‍ ആക്രമണം ആരംഭിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 2010 ഏപ്രില്‍ മുതല്‍ നെറ്റിലുണ്ടായിരുന്നു ഈ വേമിന്റെ ഫെയ്‌സ്ബുക്ക് വകഭേദം പ്രത്യക്ഷപ്പെടുന്നത് ആദ്യമായാണ്.

മുമ്പ് ഓണ്‍ലൈന്‍ ബാങ്കിങ് മേഖലയില്‍ നിന്ന് രഹസ്യങ്ങള്‍ ചോര്‍ത്താനാണ് രാംനിറ്റ് വേം ഉപയോഗിച്ചിരുന്നത്. ബാങ്ക് അക്കൗണ്ട് പാസ്‌വേഡുകളും മറ്റും ചോര്‍ത്താന്‍ സൈബല്‍ ക്രിമിനലുകള്‍ ഈ ദുഷ്ടപ്രോഗ്രാമിന്റെ സഹായം തേടിയിരുന്നു. എന്നാല്‍, ഫെയ്‌സ്ബുക്ക് അക്കൗണ്ടുകള്‍ ചോര്‍ത്താന്‍ ഇതുപയോഗിക്കുന്നത് ആദ്യമായാണ്.

സാധാരണ കമ്പ്യൂട്ടര്‍ വൈറസുകളില്‍ നിന്ന് വ്യത്യസ്തമാണ് വേം. നിലവിലുള്ള ഏതെങ്കിലും പ്രോഗ്രാമുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാതെ സ്വയം പെരുകാന്‍ കമ്പ്യൂട്ടര്‍ വേമിനാകും. അതുകൊണ്ടുതന്നെ ഓണ്‍ലൈനില്‍ വേഗം വ്യാപിക്കാനും വേമിനാകും.

ഇസ്രായേലി സുരക്ഷാസ്ഥാപനമായ 'സെക്യുലെര്‍ട്ട്' (Seculert) ആണ് ഫെയ്‌സ്ബുക്ക് നേരിടുന്ന ഭീഷണിയെക്കുറിച്ച് ആദ്യം മുന്നറിയിപ്പ് നല്‍കിയത്. രാംനിറ്റിന്റെ ആക്രമണത്തിന് ഇരയായ 45,000 ഫെയ്‌സ്ബുക്ക് അക്കൗണ്ടുകളില്‍ ഭൂരിപക്ഷവും ബ്രിട്ടന്‍, ഫ്രാന്‍സ് എന്നിവിടങ്ങളില്‍ നിന്നുള്ളവയാണെന്ന് സെക്യുലെര്‍ട്ടിന്റെ ബ്ലോഗ് പോസ്റ്റ് പറയുന്നു.

പുതിയ രാംനിറ്റ് വകഭേദത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍, ഇരകളുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ടുകള്‍ ചോര്‍ത്തുകയും, ആ അക്കൗണ്ടുകളില്‍ നിന്ന് ഇരകളുടെ സുഹൃത്തുക്കള്‍ക്ക് ദുഷ്ടപ്രോഗ്രാം അടങ്ങിയ ലിങ്കുകള്‍ അയയ്ക്കുകയും ചെയ്യുന്നതായി സെക്യുലെര്‍ട്ട് മുന്നറിയിപ്പ് നല്‍കി.

ഫെയ്‌സ്ബുക്ക് അക്കൗണ്ടുകളില്‍നിന്ന് ചോര്‍ത്തുന്ന വ്യക്തിഗത വിവരങ്ങള്‍ സൈബര്‍ ക്രിമിനലുകള്‍ ഓണ്‍ലൈന്‍ ബ്ലാക്ക് മാര്‍ക്കറ്റുകളില്‍ വില്‍ക്കാറുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഇങ്ങനെയൊരു ആക്രമണം ഉണ്ടായ കാര്യം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും അത് പ്രതിരോധിക്കാന്‍ നടപടി ആരംഭിച്ചതായും ഫെയ്‌സ്ബുക്ക് അറിയിച്ചു. ദുഷ്ടപ്രോഗ്രാമിനിരയായ 45000 അക്കൗണ്ടുകള്‍ പരിശോധിച്ചതായും, അവയില്‍ ഭൂരിപക്ഷത്തിലും ഉണ്ടായിരുന്നത് കാലഹരണപ്പെട്ട വിവരങ്ങളായിരുന്നുവെന്ന് ബോധ്യപ്പെട്ടതായും ഫെയ്‌സ്ബുക്ക് പറഞ്ഞു.

എതായാലും, സുരക്ഷ വര്‍ധിപ്പിക്കാനായി ആക്രമണത്തിനിരയായ അക്കൗണ്ടുകളുടെ ഉടമസ്ഥരെ പാസ്‌വേഡ് മാറ്റാന്‍ പ്രേരിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു.

'നിലവില്‍ ഫെയ്‌സ്ബുക്കില്‍ വൈറസ് പെരുകുന്നതായി കണ്ടിട്ടില്ല. ഏതായാലും ബാഹ്യപങ്കാളികളുമായി ചേര്‍ന്ന് ആന്റി വൈറസ് സംവിധാനത്തില്‍ അധിക സുരക്ഷ ഏര്‍പ്പെടുത്തുകയാണ്'-ഫെയ്‌സ്ബുക്ക് വക്താവ് പറഞ്ഞു. 'പരിചയമില്ലാത്ത ലിങ്കുകള്‍ ലഭിച്ചാല്‍ അതില്‍ ഒരിക്കലും ക്ലിക്ക് ചെയ്യരുത്. അത്തരം സംശയകരമായ സംഗതി റിപ്പോര്‍ട്ട് ചെയ്യുകയും വേണം'.

No comments:

Post a Comment