ഗൂഗിളിന്റെ ഏഴിഞ്ച് ടാബ്‌ലറ്റ് വരുന്നതായി റിപ്പോര്‍ട്ട്
വരുമോ ഗൂഗിളിന്റെ ടാബ്‌ലറ്റ് കമ്പ്യൂട്ടര്‍? കുറച്ചുദിവസങ്ങളിലായി ടെക്‌ലോകം ചര്‍ച്ച ചെയ്യുന്നത് ഈയൊരു സാധ്യതയുടെ വിവിധ വശങ്ങളെക്കുറിച്ചാണ്. മൂന്നാം തലമുറ ഐപാഡുമായി ആപ്പിള്‍ രംഗത്തെത്തിയതോടെ, ഗൂഗിളിന്റെ ടാബ്‌ലറ്റിന്റെ അവതരണത്തിന് സമയമായി എന്നു പ്രവചിക്കുന്നവരുടെ എണ്ണമേറെ.
ഉന്നതനിലവാരത്തിലുള്ള ആന്‍ഡ്രോയ്ഡ് ടാബ്‌ലറ്റ് പുറത്തിറക്കുന്ന കാര്യം ആലോചിക്കുന്നതായി ഗൂഗിള്‍ ചെയര്‍മാന്‍ എറിക് ഷിമിഡ്ത് മാസങ്ങള്‍ക്കു മുമ്പേ സൂചന നല്‍കിയിരുന്നു. കഴിഞ്ഞ മാസം നടന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ കമ്പനിയുടെ മൊബൈല്‍ വിഭാഗം വൈസ് പ്രസിഡന്റ് ആന്‍ഡി റൂബിനും ഈയൊരു സാധ്യത സ്ഥിരീകരിച്ചു. ടാബ്‌ലറ്റ് രംഗത്തെ ഗൂഗിളിന്റെ സാന്നിധ്യം ഇരട്ടിയാക്കാന്‍ പദ്ധതിയുണ്ട് എന്നായിരുന്നു റൂബിന്റെ വാക്കുകള്‍.
സ്വന്തം ടാബ്‌ലറ്റ് പുറത്തിറക്കാന്‍ ഗൂഗിള്‍ തീരുമാനിച്ചു കഴിഞ്ഞു എന്നതിന്റെ വ്യക്തമായ സൂചനയാണ് ആ വാക്കുകളെന്ന് വിലയിരുത്തപ്പെടുന്നു. ഏഴിഞ്ച് ടാബ്‌ലറ്റ് മെയ് മാസത്തില്‍ എത്തുമെന്നും വില വെറും 130 ഡോളറായിരിക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
തയ്‌വാനിലെ അസ്യൂസ് കമ്പനിയുമായി സഹകരിച്ച് നെക്‌സസ് എന്ന പേരിലാകും ഗൂഗിളിന്റെ ടാബ്‌ലറ്റ് വിപണിയിലെത്തുകയെന്ന് 'ഡിജിടൈംസ്' എന്ന ടെക് സൈറ്റാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. ഏഴിഞ്ച് വിസ്താരമുള്ള ടാബില്‍ ആന്‍ഡ്രോയ്ഡിന്റെ 4.0 ഐസ്‌ക്രീം സാന്‍വിച്ച് വെര്‍ഷനാകും ഉണ്ടാകുക. ഡ്യുവല്‍കോര്‍ പ്രൊസസറോടു കൂടിയാകും ടാബ്‌ലറ്റ് എത്തുക.
റെറ്റിന ഡിസ്‌പ്ലേ സൗകര്യത്തോടു കൂടിയുള്ള പുതിയ ഐപാഡ് ആപ്പിള്‍ വിപണിയിലെത്തിച്ചത് ടാബ്‌ലറ്റ് വിപണിയില്‍ വന്‍ചലനം സൃഷ്ടിച്ചിട്ടുണ്ട്. പുതിയ വെര്‍ഷന്റെ വരവോടുകൂടി പഴയ മോഡല്‍ ഐപാഡുകളുടെ വില കുറയ്ക്കാനും ആപ്പിള്‍ ധൈര്യം കാട്ടി.
മീഡിയം റേഞ്ച് ടാബ്‌ലറ്റ് മോഡലുകളായ ആമസോണ്‍ കിന്‍ഡ്ല്‍ ഫയര്‍, ബ്ലാക്ക്‌ബെറി പ്ലേബുക്ക്, ബാണ്‍സ് ആന്‍ഡ് നോബിളിന്റെ നൂക്ക് എന്നിവയ്ക്കാകും വരാന്‍ പോകുന്ന ഗൂഗിള്‍ ടാബ് കടുത്ത വെല്ലുവിളിയുയര്‍ത്തുക. അമേരിക്കയടക്കമുള്ള വിപണികളില്‍ ചൂടപ്പം പോലെയാണ് ആമസോണിന്റെ കിന്‍ഡ്ല്‍ ഫയര്‍ വിറ്റുപോകുന്നത്. 200 ഡോളറേ വിലയുള്ളൂ എന്നതാണ് കിന്‍ഡ്ല്‍ ഫയറിന്റെ ആകര്‍ഷണം. കിന്‍ഡ്ല്‍ ഫയറിനെക്കാള്‍ കുറഞ്ഞ വിലയ്ക്ക് കൂടുതല്‍ സൗകര്യങ്ങളുമായി ടാബ്‌ലറ്റ് അവതരിപ്പിക്കാന്‍ ഗൂഗിളിനു കഴിഞ്ഞാല്‍ കച്ചവടം പൊടിപാറുമെന്നതില്‍ സംശയം വേണ്ട.
എച്ച്.ടി.സി., സാംസങ് എന്നീ കമ്പനികളുമായി സഹകരിച്ചുകൊണ്ട് നെക്‌സസ് എന്ന പേരില്‍ ഗൂഗിള്‍ സ്മാര്‍ട്‌ഫോണുകള്‍ വിപണിയിലെത്തിച്ചിരുന്നു. ടാബ്‌ലറ്റ് നിര്‍മാണത്തിലും ഗൂഗിള്‍ എച്ച്.ടി.സി.യെത്തന്നെ കൂട്ടുപിടിക്കുമെന്നാണ് ഏവരും കരുതിയിരുന്നത്. എന്നാല്‍ ടാബ്‌ലറ്റ് കൂട്ടുസംരംഭത്തില്‍ തങ്ങള്‍ക്കു കൂടുതല്‍ നിയന്ത്രണം വേണമെന്ന് എച്ച്.ടി.സി. ആവശ്യപ്പെട്ടതുകൊണ്ടാണ് ഗൂഗിള്‍ അവരെ കൈയൊഴിഞ്ഞതെന്ന് സൂചനയുണ്ട്. വിലകുറഞ്ഞ ഒരു ടാബ്‌ലറ്റ്‌മോഡലിറക്കി തങ്ങളുടെ പേര് കളയാന്‍ എച്ച്.ടി.സി. വിസ്സമ്മതിച്ചതുകൊണ്ടാണ് അതു നടക്കാതെപോയതെന്നും കേള്‍ക്കുന്നു.
പിന്നീട് ഏസര്‍ കമ്പനിയുമായി ചര്‍ച്ച നടത്തിയെങ്കിലും ഇന്‍ഹൗസ് ഗവേഷണത്തിലും ഡിസൈനിങ് മികവിലും അവര്‍ പുറകിലാണെന്ന് കണ്ട് ഗൂഗിള്‍ ആ സാധ്യതയും ഉപേക്ഷിക്കുകയായിരുന്നു. അതിനുശേഷമാണ് അസ്യുസ് കമ്പനിയുമായി ചര്‍ച്ച തുടങ്ങിയത്. അസ്യൂസ് കമ്പനി ഈപാഡ് സീരീസ് എന്ന പേരിലിറക്കുന്ന ടാബ്‌ലറ്റുകള്‍ നന്നായി വിറ്റുപോകുന്നുണ്ടെന്ന കാര്യം ഗൂഗിള്‍ ശ്രദ്ധിച്ചിരിക്കാം. ആ ശ്രേണിയില്‍ ഏറ്റവുമൊടുവിലിറങ്ങിയ ഈപാഡ് ട്രാന്‍സ്‌ഫോര്‍മര്‍ എന്ന മോഡല്‍ വന്‍വിജയമായി മാറിയിട്ടുണ്ട്. ഇതൊക്കെ കണക്കിലെടുത്താകും ഗൂഗളിനെപോലൊരു വന്‍ കമ്പനി അസ്യൂസുമായി കൈകോര്‍ക്കാന്‍ തീരുമാനിച്ചത്.
No comments:
Post a Comment