Friday, May 11, 2012

ഫെയ്‌സ്ബുക്കിന്റെ ആപ് സെന്റര്‍ വരുന്നു

 ആപ്പിളിന്റെ ആപ് സ്റ്റോറിന്റെയും ഗൂഗിള്‍ പ്ലേയുടെയും മാതൃകയില്‍ ഫെയ്‌സ്ബുക്കും ആപ്ലിക്കേഷന്‍ കേന്ദ്രം തുടങ്ങുന്നു. ഉപയോക്താക്കള്‍ക്ക് ഉന്നത നിലവാരമുള്ള മൊബൈല്‍ ആപ്ലിക്കേഷനുകള്‍ തിരഞ്ഞെടുക്കാന്‍ സാധിക്കുന്ന 'ആപ് സെന്റര്‍' (App Center) തുടങ്ങുന്ന കാര്യം ബുധനാഴ്ച്ചയാണ് ഫെയ്‌സ്ബുക്ക് വെളിപ്പെടുത്തിയത്.

ആപ്പിളിന്റെ ഐഫോണ്‍ ഓപ്പറേറ്റിങ് സിസ്റ്റം (ഐഒഎസ്), ഗൂഗിളിന്റെ മൊബൈല്‍ പ്ലാറ്റ്‌ഫോമായ ആന്‍ഡ്രോയിഡ് എന്നിവയി
ലും, വെബ്ബിലും പ്രവര്‍ത്തിക്കുന്ന ആപ്ലിക്കേഷനുകളാകും ആപ് സെന്ററിലുണ്ടാവുക. വര്‍ധിച്ചു വരുന്ന മൊബൈല്‍ ഉപയോഗം, പരസ്യങ്ങള്‍ വഴിയുള്ള വരുമാനത്തെ ദോഷകരമായി ബാധിക്കുമെന്ന തിരിച്ചറിവില്‍നിന്നാണ് ഫെയ്‌സ്ബുക്കിന്റെ ഈ നീക്കമെന്ന് വിലയിരുത്തപ്പെടുന്നു.

ഉള്ളടക്കത്തെയും പരസ്യങ്ങളെയും വ്യക്തമായി വേര്‍തിരിക്കത്തക്ക വിധമുള്ളതാകും ആപ്ലിക്കേഷനുകളെന്ന് ഫെയ്‌സ്ബുക്ക് പ്രസിദ്ധീകരിച്ച ബ്ലോഗ് പോസ്റ്റ് പറയുന്നു. ആപ് സെന്റര്‍ അടുത്ത ഏതാനും ആഴ്ചകള്‍ക്കകം രംഗത്തെത്തും.

'ഇനിഷ്യല്‍ പബ്ലിക്ക് ഓഫറിങി' (IPO) ലൂടെ 77 ബില്യണും 96 ബില്യണ്‍ ഡോളറിനും മധ്യേ മൂല്യമുള്ള കമ്പനിയായി മാറാന്‍ ഫെയ്‌സ്ബുക്ക് തയ്യാറെടുക്കുന്നതിനിടെയാണ്, പുതിയ വരുമാനം തേടി ആപ് സെന്റര്‍ കമ്പനി ആരംഭിക്കുന്നത്.

സ്മാര്‍ട്ട്‌ഫോണ്‍ വഴിയുള്ള ഫെയ്‌സ്ബുക്ക് ഉപയോഗം വര്‍ധിക്കുന്ന സാഹചര്യത്തില്‍, കമ്പനിയുടെ വരുമാനവളര്‍ച്ച മെല്ലെയാകുന്നത് നിക്ഷേപകര്‍ക്ക് ഉത്ക്കണ്ഠയുണ്ടാക്കുന്നുണ്ട്. സ്മാര്‍ട്ട്‌ഫോണിലൂടെ ഫെയ്‌സ്ബുക്ക് വിളിക്കുമ്പോള്‍, പരിമിതമായ തോതിലേ പരസ്യങ്ങള്‍ കാട്ടാന്‍ ഫെയ്‌സ്ബുക്കിന് സാധിക്കുന്നുള്ളൂ. ആ പ്രശ്‌നം മറികടക്കാനുള്ള ശ്രമമാണ് ആപ് സെന്ററെന്ന് വിലയിരുത്തപ്പെടുന്നു.

ഫെയ്‌സ്ബുക്കില്‍ ഉപയോക്താക്കള്‍ക്ക് നേരിട്ട് ആപ്ലിക്കേഷനുകള്‍ വില്‍ക്കാന്‍ സോഫ്ട്‌വേര്‍ ഡെവലപ്പര്‍മാര്‍ക്ക് ആദ്യമായി ആപ് സെന്റര്‍ അവസരമൊരുക്കും. കമ്പനിയുടെ പേമെന്റ് സംവിധാനമായ 'ഫെയ്‌സ്ബുക്ക് ക്രെഡിറ്റ്' (Facebook Credits) ഉപയോഗിച്ചാണ് ഉപഭോക്താക്കള്‍ക്ക് ആപ്ലിക്കേഷനുകള്‍ വാങ്ങാനാവുക. ആപ് വില്‍ക്കുമ്പോള്‍ അതിന്റെ 30 ശതമാനം ഫെയ്‌സ്ബുക്ക് ഈടാക്കുമെന്ന് കമ്പനി വക്താവ് മലോറീ ലൂസിച്ച് റോയിട്ടേഴ്‌സിനോട് പറഞ്ഞു.

സോഷ്യല്‍ ഗെയിമുകള്‍ മുതല്‍ മ്യൂസിക് സര്‍വീസുകള്‍ വരെ നീളുന്ന ആപ്ലിക്കേഷനുകള്‍ ഫെയ്‌സ്ബുക്കില്‍ വളരെ ജനപ്രിയമാണ്. 90 കോടി അംഗങ്ങളുള്ള സൗഹൃദക്കൂട്ടായ്മയായി വളരാന്‍ ഫെയ്‌സ്ബുക്കിനായത് ഇത്തരം സോഷ്യല്‍ ആപ്ലിക്കേഷനുകളുകളുടെ സഹായത്തോടെയാണ്.

No comments:

Post a Comment