Monday, May 14, 2012


ഗൂഗിളിന്റെ പുതിയ സ്വകാര്യതാനയം




ഇന്‍റര്‍നെറ്റ് കമ്പനിയായ ഗൂഗിളിന്റെ പുതിയ സ്വകാര്യതാനയം പ്രാബല്യത്തിലെത്തി. ഗൂഗിളിന്റെ ഏതെങ്കിലുമൊരു സൈറ്റ് ഉപയോഗിക്കുമ്പോള്‍ നല്‍കേണ്ട സ്വകാര്യവിവരങ്ങളും മറ്റും കമ്പനിയുടെ ഇതര സൈറ്റുകളുമായി പങ്കുവെക്കുമെന്നതാണ് പുതിയ നയത്തിന്റെ പ്രധാന സവിശേഷത. കൂടാതെ, ഉപയോക്താവ് വെബ്‌സൈറ്റ് ഉപയോഗിച്ചതു (ബ്രൗസിങ്) സംബന്ധിച്ച എല്ലാ വിവരങ്ങളും ഗൂഗിളിന്റെ മറ്റു സൈറ്റുകളുമായി പങ്കിടും.

ഗൂഗിളിന്റെ വിവിധ സര്‍വീസുകള്‍ക്ക് വെവ്വേറെയുണ്ടായിരുന്ന സ്വകാര്യതാ മാര്‍ഗനിര്‍ദേശങ്ങള്‍ സംയോജിപ്പിച്ച് ഒറ്റ സ്വകാര്യതാനയം നിലവില്‍ വന്നു എന്നതാണ് ഇപ്പോഴത്തെ പ്രത്യേകത.
സ്വകാര്യ വിവരങ്ങള്‍ തങ്ങളുടെ വ്യത്യസ്ത സൈറ്റുകള്‍ക്കിടയില്‍ പങ്കിടുന്നത് ഉപയോക്താവിന്റെ സെര്‍ച്ചിങ്ങും ബ്രൗസിങ്ങും കൂടുതല്‍ ഫലപ്രദമാക്കാന്‍ ഉപകരിക്കുമെന്നാണ് 'ഗൂഗിള്‍' അധികൃതര്‍ പറയുന്നത്.

എന്നാല്‍, ഇതു നൈതികതയ്ക്കു നിരക്കാത്തതും യൂറോപ്പിലെയും മറ്റും സ്വകാര്യതാ നിയമങ്ങള്‍ക്കു വിരുദ്ധവുമാണെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

പുതിയ സ്വകാര്യതാനയത്തിന് കീഴില്‍ 60 വ്യത്യസ്ത വെബ്ബ്‌സര്‍വീസുകള്‍ ഉണ്ടാകും. ജീമെയില്‍, യൂട്യൂബ്, വ്യക്തിഗത സെര്‍ച്ച് എന്നിങ്ങനെയുള്ള സര്‍വീസുകളെല്ലാം ഈ നയത്തിന് കീഴില്‍ വരുമെങ്കിലും, പ്രത്യേക കാരണങ്ങളാല്‍ ഗൂഗിള്‍ ബുക്ക്‌സ്, ഗൂഗിള്‍ വാലറ്റ്, ഗൂഗിള്‍ ക്രോം എന്നിവ ഈ നയത്തിന് വെളിയിലായിരിക്കും.

ഗൂഗിള്‍ അക്കൗണ്ടുള്ള ആരും ജീമെയില്‍, യൂട്യൂബ് തുടങ്ങിയ സര്‍വീസുകളിലേക്ക് ലോഗിന്‍ ചെയ്യുമ്പോള്‍ വ്യാഴാഴ്ച മുതല്‍ പുതിയ സ്വകാര്യതാനയം അംഗീകരിക്കേണ്ടി വരും. പുതിയ നയം അംഗീകരിക്കുകയെന്നാല്‍, നിങ്ങള്‍ വെബ്ബില്‍ തിരയുകയും വായിക്കുകയും പങ്കുവെയ്ക്കുകയുമൊക്കെ ചെയ്യുന്ന സംഗതികളുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ ഗൂഗിളിന് അനുവാദം നല്‍കുക എന്നു കൂടിയാണ് അര്‍ഥം.

ഇത്തരം സ്വകാര്യ വിവരങ്ങള്‍ ഗൂഗിള്‍ ശേഖരിക്കാന്‍ പാടില്ല എന്ന നിലപാടാണ് നിങ്ങള്‍ക്കുള്ളതെങ്കില്‍, ഗൂഗിള്‍ അക്കൗണ്ട് ഉപേക്ഷിക്കാം.

No comments:

Post a Comment