സൂക്ഷിക്കുക, ആന്റിവൈറസ് പ്രോഗ്രാമിലും പഴുത്
കമ്പ്യൂട്ടര്‍ വൈറസിനെ നേരിടാനുപയോഗിക്കുന്ന ആന്റിവൈറസ് പ്രോഗ്രാമിലും അപകടകരമായ പഴുത് കടന്നുകൂടിയാലോ. ആ പഴുതുപയോഗിച്ച് കുബദ്ധികള്‍ക്ക് നിങ്ങളുടെ കമ്പ്യൂട്ടറിനെ ഹൈജാക്ക് ചെയ്യാമെന്ന് വന്നാലോ. കടുവയെ കിടുവ പിടിക്കുന്നതു പോലെയാകുമത്, അല്ലേ!
പ്രമുഖ ആന്റിവൈറസ് സോഫ്ട്‌വേര്‍ സ്ഥാപനമായ മകാഫി (McAfee)യുടെ പ്രോഗ്രാമിലാണ് പഴുതുള്ളതായും, അത് പാഴ്‌സന്ദേശ (സ്പാം) ആക്രമണത്തിന് അവസരമൊരുക്കുന്നതായും വിവരം പുറത്തുവന്നിരിക്കുന്നത്.
തങ്ങളുടെ പ്രോഗ്രാമില്‍ പിശകുള്ള കാര്യം സമ്മതിച്ച മകാഫി, ഉടന്‍ തന്നെ അത് പരിഹരിക്കാനുള്ള സോഫ്ട്‌വേര്‍ പരിഹാരം പുറത്തിറക്കുമെന്ന് അറിയിച്ചു. ഈമെയിലുകളുടെയും വെബ്ബിന്റെയും സംരക്ഷണത്തിന് ഉപയോഗിക്കുന്ന മകാഫിയുടെ 'ടോട്ടല്‍ പ്രൊട്ടക്ഷന്‍ സര്‍വീസി'ലാണ് പഴുതുള്ളതായി തെളിഞ്ഞത്.
ബ്രിട്ടീഷ് കമ്പനിയായ കാമര്‍ ലിമിറ്റഡ് അതിന്റെ ബ്ലോഗിലാണ് ഈ പ്രശ്‌നം ആദ്യമായി ഉന്നയിച്ചത്.
തങ്ങളുടെ സെര്‍വര്‍ പാഴ്‌സന്ദേശങ്ങള്‍ വന്‍തോതില്‍ അയയ്ക്കുന്നതായി കണ്ടതിനെ തുടര്‍ന്ന് കെയ്ത്ത് ആന്‍ഡ് അനാബില്‍ മൊറിഗന്‍ കമ്പനി മുന്നറിയിപ്പ് പുറപ്പെടുവിക്കുകയുണ്ടായി. പത്തുമാസം കൊണ്ട് അയയ്‌ക്കേണ്ട അത്രയും സന്ദേശങ്ങളാണ് ഒറ്റ ദിവസം കൊണ്ട് ആ സെര്‍വറില്‍ നിന്നുണ്ടാകുന്നതെന്ന് കമ്പനി കണ്ടെത്തി.
ആന്റി വൈറസ് പ്രോഗ്രാമിലെ പഴുതാണ് ഈ പ്രശ്‌നത്തിന് പിന്നിലെന്ന് മനസിലായതിനെ തുടര്‍ന്ന്, മകാഫി കമ്പിനിക്ക് ജനവരി അഞ്ചിന് തങ്ങള്‍ മുന്നറിയിപ്പ് നല്‍കിയതായി കമ്പനി പറയുന്നു. എന്നാല്‍, മകാഫിയുടെ സോഫ്ട്‌വേറാണ് പ്രശ്‌നമെന്ന് മനസിലായിട്ടും, തങ്ങളുടെ ഈമെയില്‍ ഐപിയെ 'ഹൈ റിസ്‌ക്' എന്ന് മാര്‍ക് ചെയ്യാനും തടയാനുമാണ് മകാഫി ശ്രമിച്ചതെന്ന് കമ്പനി ആരോപിച്ചു.
No comments:
Post a Comment